
ലണ്ടൻ: സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും. 211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 148 എതിര്‍ത്തു. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഒന്നാം കൊവിഡ് ലോക്ഡൗൺ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയിൽ മദ്യ പാർട്ടി നടത്തിയ വിവരം പുറത്ത് വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങൾക്ക് തുടക്കമാകുന്നത്. മദ്യ വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാർലമെന്റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയിൽ ഉറച്ചു നിന്നു. ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കമ്മീഷൻ രൂപീകരിച്ചു. ബോറിസിന്റെ വസതിയിൽ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സൽക്കാരങ്ങൾ നടന്നെന്നും അതിൽ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ പൂർണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതൽ ശക്തമായത്.
25 പാർലമെന്റംഗങ്ങൾ ബോറിസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കത്തെഴുതിയവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇക്കാരണത്താൽ തന്നെ എത്ര പേരാണ് ബോറിസിനെതിരെ കത്തെഴുതിയതെന്ന് വ്യക്തമല്ല.
ബോറിസ് ജോൺസ്ൺന്റെ സ്വന്തം പാർട്ടിക്കകത്തെ വോട്ടെടുപ്പായതിനാൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് ഇതിൽ ഒറു റോളും ഇല്ല. പക്ഷെ ബോറിസെനെതിരായ നീക്കങ്ങൾക്ക് പ്രതിപക്ഷത്തിന് ഈ അവിശ്വാസം കരുത്ത് പകരും. റഷ്യ യുക്രൈൻ യുദ്ധത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ടും വർഷങ്ങളായി തുടരുന്ന ബ്രെക്സിറ്റ് നടപ്പാക്കൽ സംബന്ധിച്ചും ഇപ്പോൾ തന്നെ ബോറിസിനെതിരെ വിമർശനങ്ങൾ ഉണ്ട്. കൂടാതെ നിലവിലെ ആഗോള മാന്ദ്യവും എണ്ണ പ്രതിസന്ധിയും ബോറിസിനെതിരായ അവിസ്വാസ നീക്കത്തിൽ പ്രതിഫലിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam