
പാരിസ്: ഫ്രഞ്ച് പൗരത്വത്തിനായി അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൺ. ബ്രെക്‌സിറ്റിനുശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം നിലനിർത്താനായാണ് നടപടിയെന്നും അദ്ദേഹം ഫറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടന്റെ 2016-ലെ റഫറണ്ടത്തിൽ തുടരാൻ വോട്ടുചെയ്ത യൂറോപ്യൻ പാർലമെന്റിലെ മുൻ അംഗമായിരുന്നു സ്റ്റാൻലി ജോൺസൺ. ഫ്രാൻസുമായി ശക്തമായ കുടുംബബന്ധം ഉള്ളതിനാൽ ഒരു ഫ്രഞ്ച് പൗരനാകാൻ ആഗ്രഹിക്കുന്നുവെന്ന് ആർടിഎൽ റേഡിയോയോട് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു
'ഞാൻ യഥാർത്ഥത്തിൽ ഫ്രഞ്ച് ആണ്. എന്റെ അമ്മ ഫ്രാൻസിലാണ് ജനിച്ചത്, മുത്തച്ഛനെപ്പോലെ അമ്മയും തികച്ചും ഫ്രഞ്ച് ആയിരുന്നു. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം എന്നിലുള്ളത് തന്നെയാണ് എനിക്ക് നേടാനുള്ളത്. ഇത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു' -എൺപതുകാരനായ ജോൺസൺ പറഞ്ഞു
ഞാൻ എന്നും ഒരു യൂറോപ്യൻ ആയിരിക്കും, അതുറപ്പാണ്. നിങ്ങൾ യൂറോപ്യന്മാരല്ലെന്ന് ബ്രിട്ടീഷ് ജനതയോട് ഒരിക്കലും ആർക്കും പറയാൻ കഴിയില്ല. യൂറോപ്യൻ യൂണിയനുമായി ബന്ധം പുലർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മകൻ ബോറിസ് 2016-ലെ റഫറണ്ടത്തിലെ 'ലീവ് കാമ്പയിനിന്റെ' പൊതു മുഖമായിരുന്നു. യൂറോപ്യൻ യൂണിയനായി കാണുന്നതിനപ്പുറത്ത് സമ്പൂർണ്ണ പരമാധികാരമുള്ള രാജ്യമെന്ന നിലയിൽ ബ്രിട്ടന് ശക്തമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുമെന്നായിരുന്നു ബോറിസിന്റെ പക്ഷം.
യൂറോപ്യൻ യൂണിയനുമായുള്ള പുതിയ വ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകിയ ശേഷം ബുധനാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൻ നയപരമായ നിലപാടാണ് സ്വീകരിച്ചത്. 'ഇത് ഒരു യൂറോപ്യൻ രാജ്യമെന്ന നിലയിൽ ബ്രിട്ടന്റെ അവസാനമല്ല, പലവിധത്തിലും ഞങ്ങൾ യൂറോപ്യൻ യൂണിൻ ജനത തന്നെയാണ്, അത് തുടരും എന്നുമായിരുന്നു ബോറിസിന്റെ വാക്കുകൾ.
2019 ഫെബ്രുവരിയിലാണ് 47 വർഷം നീണ്ട ബന്ധം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചത്. ബ്രെക്സിറ്റ് യാഥാർഥ്യമായതിനു ശേഷം 11 മാസം പരിവർത്തന കാലയളവായി (ട്രാൻസിഷൻ പീരിയഡ്) യൂറോപ്യൻ യൂനിയൻ അനുവദിച്ചിരുന്നു. അത് വ്യാഴാഴ്ച അർധരാത്രിയോടെ അവസാനിക്കുകയാണ്.