'ശമ്പളം പോരാ, ചെലവുകള്‍ നടക്കുന്നില്ല'; ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published Oct 19, 2020, 9:13 PM IST
Highlights

നിലവിലെ ശമ്പളമായ 150402 പൌണ്ട്(ഏകദേശം ഒരുകോടി മുപ്പത് ലക്ഷം രൂപ)യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെലവുകള്‍ക്ക് തികയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

ലണ്ടന്‍: കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ചെലവുകള്‍ക്കായി പണം തികയാതെ വരുന്നതുകൊണ്ട് രാജി വയ്ക്കുന്നതിനേക്കുറിച്ച് ചിന്തിക്കുകയാണെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്. നിലവിലെ ശമ്പളമായ 150402 പൌണ്ട്(ഏകദേശം ഒരുകോടി മുപ്പത് ലക്ഷം രൂപ)യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെലവുകള്‍ക്ക് തികയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

ബ്രിട്ടീഷ് മാധ്യമമായ ദി ഡെയ്ലി മിററാണ് ബോറിസ് ജോണ്‍സന്‍റെ രാജിക്കാര്യത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറ് മക്കളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുള്ളത്. ഇതില്‍ ചിലര്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് പണം ലഭിക്കാന്‍ അര്‍ഹതയുള്ളതാണെന്നും ദി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് എംപിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. വിവാഹമോചന ഉടമ്പടി അനുസരിച്ച് മുന്‍ഭാര്യ മരീന വീലറിനും ബ്രിട്ടീഷ് പ്രധാനമന്ത്രി വന്‍തുക നല്‍കേണ്ടതായും വരുന്നതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

പ്രധാനമന്ത്രിയാവുന്നതിന് മുന്‍പ് 275000 പൌണ്ട് ശമ്പളമായും 160000 പൌണ്ട് പ്രഭാഷണങ്ങള്‍ നടത്തുന്നതിനും ബോറിസ് ജോണ്‍സണ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചാന്‍സലര്‍ റിഷി സുനാക്, ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ്, കാബിനറ്റ് ഓഫീസ് ചീഫ് മിഷേല്‍ ഗോവ്, മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് , മുന്‍ ആഭ്യന്തര സെക്രട്ടറി പെന്നി മോര്‍ഡുന്‍റ് എന്നിവരാണ് അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണനയിലുള്ളവരെന്നും ദി ഡെയ്ലി മിറര്‍ അവകാശപ്പെടുന്നു. 

click me!