
സിഡ്നി: ഷിപ്പിംഗ് കണ്ടെയ്നറിന്റെ തറയുടെ നിറത്തിലൊരു സംശയം. വിശദമായ പരിശോധനയുമായി പൊലീസ്. കണ്ടെത്തിയത് 75 കോടിയിലേറെ വില വരുന്ന കൊക്കെയ്ൻ. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് സിഡ്നിയിൽ നടന്നത്. വീടിന്റെ ഭൂഗർഭ അറകളിൽ നിന്ന് ഏകദേശം മൂന്ന് ടണ്ണോളം കൊക്കെയ്ൻ ആണ് പൊലീസ് പിടിച്ചെടുത്തത്.വിപണിയിൽ ഏകദേശം 81.6 കോടി ഡോളർ (ഏകദേശം75,74,74,80,000 രൂപ) വിലമതിക്കുന്ന 2.7 ടൺ കൊക്കെയ്നാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കണ്ടെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 21ഉം 25ഉം വയസ്സുള്ള രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സിഡ്‌നിയിലെ ലണ്ടൻഡെറിയിലുള്ള ഒരു അർദ്ധ-ഗ്രാമീണ മേഖലയിലെ വസ്തുവിലാണ് പൊലീസ് ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ അവിടെയുണ്ടായിരുന്ന ഷിപ്പിംഗ് കണ്ടെയ്നറുകളുടെ തറഭാഗം വ്യാജമായി നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ഈ കണ്ടെയ്നറുകൾക്ക് അടിയിലായി നിർമ്മിച്ച രഹസ്യ ഭൂഗർഭ അറകളിൽ പ്ലാസ്റ്റിക് ടബ്ബുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. ഏകദേശം 30 ലക്ഷത്തോളം ആളുകൾക്ക് വിതരണം ചെയ്യാൻ ആവശ്യമായ അളവിലുള്ള കൊക്കെയ്നാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 2007-ൽ മെൽബണിൽ നിന്ന് 4.5 ടൺ എംഡിഎംഎ പിടിച്ചെടുത്തതാണ് ഇതിനേക്കാൾ വലിയ ഏക സംഭവമായിട്ടുള്ളത്. സിഡ്‌നിയിൽ പൊലീസ് റെയ്ഡിനായി എത്തിയ സമയത്ത് പ്രതികളായ ഇരു യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം ഈ കുറ്റത്തിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. കോടതി ശനിയാഴ്ച പ്രതികൾക്ക് ജാമ്യം നിഷേധിച്ചു, ഓഗസ്റ്റ് 13ന് ഇവരെ കോടതിയിൽ ഹാജരാക്കും. സിഡ്‌നിയിലെ ഒരു പ്രമുഖ ക്രിമിനൽ കുടുംബത്തിലെ മുൻ അംഗങ്ങൾ ഉൾപ്പെടുന്ന 'കൊക്കോനട്ട് കാർട്ടൽ'എന്ന വൻകിട മാഫിയാ സംഘത്തിന്റെ വെറും സഹായികൾ മാത്രമാണ് പിടിയിലായ ഈ യുവാക്കളെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ക്വീൻസ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ സുരക്ഷാ ഏജൻസികളുടെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് നടപ്പിലാക്കിയ 'ഓപ്പറേഷൻ മിൻജിയാങ്' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വൻ വേട്ട സാധ്യമായത്. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച ഈ ഓപ്പറേഷനിലൂടെ ഇതിനകം തന്നെ 178 കിലോഗ്രാം കൊക്കെയ്നും 142 കിലോഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തിരുന്നു. ഇതോടെ ഈ ദൗത്യത്തിലൂടെ മാത്രം ആകെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് മൂന്ന് ടണ്ണിലധികമായി.മയക്കുമരുന്ന് ശേഖരം വടക്കൻ ക്വീൻസ്‌ലൻഡിലെ മിഡ്ജ് പോയിന്റിന് സമീപമുള്ള തീരത്തിലൂടെയാണ് ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്നും തുടർന്ന് സിഡ്‌നിയിലെ സംഘത്തിന്റെ നിർദ്ദേശപ്രകാരം ട്രക്കുകളിൽ തെക്കൻ മേഖലകളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ മിഡ്ജ് പോയിന്റിലെ ബോട്ട് ജെട്ടിക്ക് സമീപം കത്തിനശിച്ച നിലയിൽ കണ്ടെത്തിയ ഒരു ട്രക്കിനെക്കുറിച്ച് അന്വേഷിച്ച ക്വീൻസ്‌ലൻഡ് പൊലീസിന് കടലിൽ നിന്ന് 40 കിലോഗ്രാം കൊക്കെയ്ൻ ലഭിച്ചിരുന്നു. അവിടെ നിന്നാണ് ഈ വൻ മാഫിയയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ഉപയോഗിച്ച 'എംവി വെൽത്ത്'എന്ന പ്രധാന കപ്പൽ പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ അധികൃതർ തടഞ്ഞുവെച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. സെൻട്രൽ അമേരിക്കൻ രാജ്യമായ ബെലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് ഈ കപ്പൽ. തെക്കേ അമേരിക്കയിൽ നിന്നോ വടക്കുകിഴക്കൻ ഏഷ്യയിൽ നിന്നോ ആയിരിക്കാം ഈ മയക്കുമരുന്ന് കപ്പലിൽ കയറ്റിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ദീർഘനാളത്തെ കഠിനാധ്വാനവും കൃത്യമായ ഏകോപനവുമാണ് ഇത്രയും വലിയൊരു അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് ക്വീൻസ്‌ലൻഡ് പൊലീസ് മേധാവികൾ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam