
വാഗഡൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനാ ഫാസോയിൽ വധശിക്ഷ പുനഃസ്ഥാപിച്ചു. ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് രാജ്യത്ത് നിർത്തിവെച്ചിരുന്ന വധശിക്ഷ പുനഃസ്ഥാപിച്ചത്. ഇതിനുപുറമേ രാജ്യത്ത് സൗന്ദര്യമത്സര്യങ്ങൾ നിരോധിച്ചും സർക്കാർ ഉത്തരവിറക്കി.
ഒക്ടോബർ 20-നാണ് രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിക്കാൻ പാർലമെന്റ് ഐക്യകണ്ഠേന അംഗീകാരം നൽകിയത്. ഭീകരവാദം, രാജ്യദ്രോഹം, ചാരവൃത്തി തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്തവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുക. പാർലമെന്റിലെ 71 അംഗങ്ങളും വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിച്ചു. ഇതോടെയാണ് 2018-ൽ വധശിക്ഷ റദ്ദാക്കിയ നടപടി അസാധുവായത്. 1988-ലാണ് ബുർകിനാ ഫാസോയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ഭീകരവാദത്തെ ചെറുക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും കടുത്ത ശിക്ഷാനടപടികൾ സഹായിക്കുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി എഡാസ്സോ റോഡ്രിഗ്യു ബയാല പറഞ്ഞു.
ബുർകിനാ ഫാസോയിൽ വധശിക്ഷ പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ മനുഷ്യാവകാശ സംഘടനകൾ ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത് ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആശങ്ക. ആംനസ്റ്റി ഇന്റർനാഷണൽ അടക്കം വധശിക്ഷയെ എതിർത്ത് രംഗത്തെത്തുകയും ചെയ്തു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ബുർകിനാ ഫാസോയിലെ സാംസ്കാരിക-ടൂറിസം വകുപ്പാണ് രാജ്യത്ത് സൗന്ദര്യമത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ തന്നെ വകുപ്പ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിയിരിക്കുന്നു. ദേശീയ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് വരെ സൗന്ദര്യമത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായാണ് ഉത്തരവിൽ പറയുന്നത്. പുതിയ നിയന്ത്രണങ്ങൾ നിലവിൽവരുന്നത് വരെ വിലക്ക് തുടരുമെന്നും ഇക്കാലയളവിൽ സൗന്ദര്യമത്സരങ്ങൾക്ക് അനുമതി നൽകുന്നത് നിർത്തിവെച്ചതായും സർക്കാർ അറിയിച്ചു. അതേസമയം, സൗന്ദര്യമത്സരം വിലക്കിയ സർക്കാർ രാജ്യത്തെ പെൺകുട്ടികൾക്കായി പുതിയ ശാസ്ത്രമത്സരം അവതരിപ്പിച്ചിട്ടുണ്ട്. ഹാകിലി മൗസോ എന്ന പേരിലാണ് ദേശീയതലത്തിലുള്ള മത്സരം ആവിഷ്കരിച്ചിരിക്കുന്നത്. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ പെൺകുട്ടികൾക്ക് പ്രോത്സാഹനം നൽകാനായാണ് പുതിയ മത്സരം.
2022-ലാണ് ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെ ബുർകിന ഫാസോയുടെ അധികാരം പിടിച്ചെടുത്തത്. 2022 സെപ്റ്റംബർ മുതൽ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് രാജ്യത്ത് ഭരണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam