കോടികളുടെ ബിസിനസ് സാമ്രാജ്യം, എന്നിട്ടും 86കാരൻ ഊബർ ഓടിക്കുന്നു; കാരണമറിഞ്ഞ് അമ്പരന്ന് സംരംഭകൻ, വീഡിയോ വൈറൽ

Published : Nov 01, 2025, 10:35 PM IST
 millionaire uber driver fiji

Synopsis

ഫിജിയിൽ കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ 86-കാരൻ ഊബർ ടാക്സി ഓടിക്കുന്നു. ഇന്ത്യൻ സംരംഭകനായ നവ് ഷാ പങ്കുവെച്ച മനുഷ്യ സ്നേഹിയുടെ കഥ വൈറലായിരിക്കുകയാണ്.

സുവ: കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമയായ 86കാരൻ ഊബർ ടാക്സി ഓടിക്കുന്നു. ഞെട്ടിയോ? എന്തിനെന്ന് അറിയുമ്പോഴാണ് അദ്ദേഹം എത്ര വലിയ മനുഷ്യസ്നേഹിയാണെന്ന് വ്യക്തമാവുക. ഇന്ത്യൻ സംരംഭകനായ നവ് ഷാ ഫിജിയിലെ യാത്രക്കിടെ കണ്ടുമുട്ടിയ ഊബർ ഡ്രൈവറുടെ വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.

ഫിജിയിലെ യാത്രക്കിടെ നവ് ഷാ തന്‍റെ 86 വയസ്സുകാരനായ ഡ്രൈവറുമായി സംസാരിച്ചു. നിങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത്, ബില്ലുകളെല്ലാം എങ്ങനെയാണ് അടയ്ക്കുന്നത് എന്ന് നവ് ഷാ ഊബർ ഡ്രൈവറോട് ചോദിച്ചു. വിനയത്തോടെയും എന്നാൽ ആത്മവിശ്വാസത്തോടെയും ഡ്രൈവർ പറഞ്ഞ മറുപടി കേട്ട് നവ് ഷാ ഞെട്ടിപ്പോയി: "ഞാൻ ബിസിനസുകാരനാണ്, എന്‍റെ കമ്പനിക്ക് 17.5 കോടി ഡോളറിന്‍റെ ടേൺ ഓവറുണ്ട്".

ഊബർ ഓടിക്കാൻ കാരണം…

പിന്നെ എന്തിനാണ് ഊബർ ഓടിക്കുന്നതെന്ന ചോദ്യത്തിന് 86കാരൻ പറഞ്ഞ മറുപടിയിങ്ങനെ- "ഇന്ത്യയിലെ പെൺകുട്ടികളുടെ പഠനത്തിന് ഞാൻ പണം അയയ്ക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി ഞാൻ എല്ലാ വർഷവും 24 പെൺകുട്ടികളുടെ പഠനം സ്പോൺസർ ചെയ്യുന്നു. ഈ സ്പോൺസർഷിപ്പ് പണം മുഴുവൻ സ്വരൂപിക്കുന്നത് ഊബർ ഓടിച്ചാണ്".

ഇങ്ങനെ ചെയ്യാൻ എന്താണ് കാരണമെന്ന ചോദ്യത്തിന് വയോധികൻ നൽകിയ മറുപടിയിങ്ങനെ- "എനിക്ക് മൂന്ന് പെൺമക്കളുണ്ട്. അവർക്ക് നല്ല വിദ്യാഭ്യാസം നൽകി. അവർ നന്നായി ജീവിക്കുന്നു. അതുകൊണ്ട്, മറ്റ് പെൺകുട്ടികളെ അവരുടെ സ്വപ്നങ്ങൾ നേടാൻ സഹായിക്കാൻ എനിക്ക് കഴിയുമെങ്കിൽ, എന്തുകൊണ്ട് ചെയ്തുകൂടാ?"

തനിക്ക് ജ്വല്ലറി ഷോപ്പുകൾ, റെസ്റ്റോറന്‍റുകൾ, പ്രാദേശിക പത്രം, സൂപ്പർമാർക്കറ്റുകൾ എന്നിവയുണ്ടെന്ന് 86കാരൻ പറഞ്ഞു. ഇതെല്ലാം അദ്ദേഹം തന്നെയാണോ തുടങ്ങിയതെന്ന് നവ് ഷാ ചോദിച്ചപ്പോൾ, തന്‍റെ അച്ഛൻ 1929-ൽ കൈവശമുണ്ടായിരുന്ന അഞ്ച് പൗണ്ട് ഉപയോഗിച്ചാണ് ബിസിനസ് തുടങ്ങിയത് എന്നായിരുന്നു മറുപടി. യഥാർത്ഥ വിജയം നിങ്ങൾ എത്രത്തോളം ഉയരത്തിൽ എത്തുന്നു എന്നതിലല്ല, മറിച്ച് നിങ്ങൾ എത്രപേരെ അതിനിടയിൽ ഉയർത്തിക്കൊണ്ടുവരുന്നു എന്ന വിലപ്പെട്ട ഉപദേശവും അദ്ദേഹം നൽകി.

സമ്പത്തും ബിസിനസുമെല്ലാം ഉണ്ടായിട്ടും അനുകമ്പയോടെ, ലക്ഷ്യബോധത്തോടെ ജീവിക്കുന്ന മനുഷ്യൻ എന്നു പറഞ്ഞാണ് നവ് ഷാ കുറിപ്പ് അവസാനിപ്പിച്ചത്. ഒപ്പം ഊബർ ഡ്രൈവറുടെ വീഡിയോയും പങ്കുവച്ചു. നിരവധി പേർ ഇതേ ഊബർ ഡ്രൈവറെ കുറിച്ച് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്തത് അദ്ദേഹത്തിന്‍റെ കാറിലായിരുന്നുവെന്ന് ഒരു യുവതി കുറിച്ചു. സ്യൂട്ട് കേസ് വാഹനത്തിൽ കയറ്റിയതും ഇറക്കിയതും അദ്ദേഹമായിരുന്നുവെന്ന് അവർ ഓർമിച്ചു. നിരവധി പേർ അദ്ദേഹത്തെ പ്രശംസിച്ച് കമന്‍റിട്ടു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം