
കാലിഫോര്‍ണിയ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. 30 ബില്യൺ ഡോളറിലധികം കമ്മി ബജറ്റുള്ള കാലിഫോര്‍ണിയയെ സംബന്ധിച്ച് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ഗാവിൻ ന്യൂസോം ബില്‍ തള്ളിയത്.
കാലിഫോർണിയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഏകദേശം 1.9 ദശലക്ഷം വിദ്യാർത്ഥികള്‍ ഹൈസ്കൂളുകളില്‍ പ്രവേശനം നേടി. 4,000 സ്കൂളുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ആധിപത്യമുള്ള സ്റ്റേറ്റ് ലെജിസ്ലേച്ചർ കഴിഞ്ഞ മാസം പാസാക്കിയ നൂറു കണക്കിന് ബില്ലുകളിൽ ഒന്നാണ് സൌജന്യ കോണ്ടം വിതരണം. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കോണ്ടം ലഭ്യമാക്കണമെന്ന് ആയിരുന്നു ബില്ലിലെ ആവശ്യം.
കൗമാരക്കാരുടെ ലൈംഗികാരോഗ്യത്തിനായുള്ള പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടും ഗവര്‍ണര്‍ ബില്‍ തള്ളിയത് സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ്. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 19 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന സ്റ്റേറ്റിന് ഇത് താങ്ങാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അവരുടെ പങ്കാളികളെയും രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു സൌജന്യ കോണ്ടം വിതരണ പദ്ധതിയെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റർ കരോലിൻ മെൻജിവർ പറഞ്ഞു. ഈ കാഴ്ചപ്പാട് താന്‍ അംഗീകരിക്കുന്നുവെങ്കിലും നിലവിലെ സാമ്പത്തിക അനിശ്ചിതത്വം കാരണം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് നിർണായകമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്നതും ഇൻസുലിൻ വില കുറയ്ക്കുന്നതും വിഭ്രാന്തിയുണ്ടാക്കുന്ന ചില മരുന്നുകളുടെ ക്രിമിനല്‍വല്‍ക്കരണവും ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലേക്ക് വന്നു. ഗവര്‍ണര്‍ ഇവയില്‍ ചിലത് തള്ളുകയും ചിലത് അംഗീകരിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam