ലൈംഗികബന്ധത്തിനിടെ കോണ്ടം ഊരിമാറ്റുന്നവർ കുടുങ്ങും; 'സ്റ്റെൽത്തിങ്' കുറ്റമാക്കുന്ന നിയമം പാസ്സാക്കി കാലിഫോർണിയ

By Web TeamFirst Published Oct 11, 2021, 3:33 PM IST
Highlights

ഇതുവരെ ഈ വഞ്ചന നിയമത്തിന്റെ കണ്ണിൽ കുറ്റമായിരുന്നില്ല
 

അമേരിക്കയിലെ യുവതികൾ അവർ ഡേറ്റ് ചെയ്യുന്ന യുവാക്കളുമായി ബന്ധത്തിൽ ഏർപ്പെടും മുമ്പ്, മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "കോണ്ടം കയ്യിലുണ്ടോ?" ഇല്ല എന്നാണ് ഉത്തരമെങ്കിൽ, "എല്ലാം മറന്നേക്കൂ..." എന്ന ഒരു മറുപടിയുടെ അവർ ആ ഡേറ്റ് അവിടെ വെച്ച് അവസാനിപ്പിക്കും. അതുകൊണ്ടുതന്നെ പലരും ഡേറ്റിനു(dating) പുറപ്പെടും മുമ്പുതന്നെ ഒരു പാക്കറ്റ് കോണ്ടം (condom) കയ്യിൽ കരുതാറുണ്ട്. 

എന്നാൽ, ഇങ്ങനെ ഒരു സുരക്ഷാ മുൻകരുതലിന്റെ തടസ്സം ഒട്ടും ഇഷ്ടമല്ലാത്ത ചിലരുമുണ്ട് അമേരിക്കൻ യുവാക്കൾക്കിടയിൽ. അവരിൽ പലരും പിന്തുടരുന്ന ഒരു ശീലം അവിടെ "കോണ്ടം സ്റ്റെൽത്തിങ്" (Condom Stealthing)എന്നാണ് അറിയപ്പെടുന്നത്. അതായത് ബന്ധപ്പെടാൻ തുടങ്ങുമ്പോൾ കോണ്ടം ധരിക്കുന്ന അവർ ബന്ധം പുരോഗമിക്കുന്നതിനിടെ പങ്കാളി അറിയാതെ അത് നീക്കം ചെയ്തുകളയും. അറിയാതെ ഊരിപ്പോയതാണ് എന്നും മറ്റുമുള്ള ന്യായങ്ങൾ പിടിക്കപ്പെട്ടാൽ അവർ നിരത്താറുണ്ട് എങ്കിലും, ഇത് തികഞ്ഞ ഗൂഢോദ്ദേശ്യത്തോടുകൂടി തന്നെ നടത്തപ്പെടുന്ന ഒരു തന്ത്രമാണ്.  

കഴിഞ്ഞ ഞായറാഴ്ച കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ആണ് ഉഭയ സമ്മതത്തോടുകൂടിയല്ലാതുള്ള കോണ്ടം ഊരിമാറ്റൽ ഒരു കുറ്റമാക്കി മാറ്റിക്കൊണ്ടുള്ള ബില്ലിൽ ഒപ്പിട്ട് അതിനെ ഒരു നിയമമാക്കി മാറ്റുന്നത്. ഈ വഞ്ചന തെറ്റ് മാത്രമല്ല, ഒരു കുറ്റം കൂടി ആണെന്ന് ഉറപ്പിക്കാനാണ് ഈ നിയമം കൊണ്ടുദ്ദേശിക്കുന്നത് എന്ന് ബിൽ അവതരിപ്പിച്ച ക്രിസ്റ്റിന ഗാർഷ്യ എന്ന അസംബ്ലി അംഗം പറഞ്ഞു. 

എന്താണീ  "കോണ്ടം സ്റ്റെൽത്തിങ്" ?

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പങ്കാളിയുടെ സമ്മതം കൂടാതെ കോണ്ടം ഊരി മാറ്റുകയോ, അതിനെ മനഃപൂർവം നശിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്റ്റെൽത്തിങ് എന്ന് പറയുന്നത്. സ്റ്റെൽത്തിങ് നടന്ന ശേഷം യുവതികൾ തങ്ങളുടെ കാമുകരുമായി ഇതേപ്പറ്റി ചർച്ചചെയ്യുമ്പോൾ പലപ്പോഴും അവർക്കു കിട്ടുന്ന മറുപടി, "ഇതിത്ര കാര്യമാക്കാനുണ്ടോ? എന്നെ വിശ്വാസമില്ലേ?" എന്നാവും. എന്നാൽ, വിശ്വസിക്കാൻ പറ്റാത്ത ആളാണ് തന്റെ കാമുകനെന്ന് അയാൾ തെളിയിച്ച സംഭവമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന  "കോണ്ടം സ്റ്റെൽത്തിങ്" എന്ന് 2017 -ൽ നടന്ന ഒരു സർവേയിൽ സാറ എന്ന യുവതി ഗാർഡിയനോട് പറയുകയുണ്ടായി. അത്രമേൽ വിശ്വാസയോഗ്യനായിരുന്നു എങ്കിൽ തന്റെ അറിവോ സമ്മതമോ കൂടാതെ കോണ്ടം ഊരി മാറ്റില്ലായിരുന്നു എന്നാണ് സാറ പറയുന്നത്.

 

 

ഇത്തരത്തിൽ വെറും പരസ്പര വിശ്വാസത്തിന്റെ പേരിൽ കോണ്ടം കൂടാതെ ബന്ധപ്പെട്ടവരും,  "കോണ്ടം സ്റ്റെൽത്തിങ്" നു ഇരയായി കാമുകരോട് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ കൂടാതെ ബന്ധപ്പെടേണ്ടി വന്നവരും ഒടുവിൽ സിഫിലിസ്, ഗൊണേറിയ, എയിഡ്സ് പോലുള്ള ഗുരുതരമായ ഗുഹ്യരോഗങ്ങൾക്ക് ഇരകളായി ജീവിതകാലം മുഴുവൻ നരകിച്ചു കഴിയേണ്ടി വന്ന ചരിത്രമുണ്ട് അമേരിക്കയിൽ. ഇങ്ങനെ  "കോണ്ടം സ്റ്റെൽത്തിങ്" ന് തങ്ങളുടെ കാമുകിമാരെ നിർബന്ധിക്കുന്ന യുവാക്കളിൽ 29 % പേർക്കും ലൈംഗിക രോഗങ്ങളുണ്ട് എന്നതും ഞെട്ടിക്കുന്ന ഒരു കണക്കാണ്. ആഗ്രഹിക്കാതെ ഗർഭം ധരിക്കേണ്ടി വരിക എന്ന മറ്റൊരു റിസ്കും ഇങ്ങനെ ചതിക്കപ്പെടുന്ന യുവതികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 12 % യുവതികളും തങ്ങൾ  "കോണ്ടം സ്റ്റെൽത്തിങ്"ന് ഇരകളായിട്ടുണ്ട് എന്നാണ് പറഞ്ഞത്.

 എന്തായാലും സ്റ്റെൽത്തിങ് എന്ന ഈ വഞ്ചന നിയമപ്രകാരം തന്നെ കുറ്റമാവുന്നതോടെ, അതിന് ശ്രമിക്കുന്നതിൽ നിന്ന് യുവാക്കളിൽ കുറേപ്പേരെങ്കിലും പിന്തിരിഞ്ഞേക്കുമെന്നും, ഇങ്ങനെയുള്ള പറ്റിപ്പിൽ പെട്ട് ഗർഭം ധരിക്കുകയോ, ഗുഹ്യരോഗങ്ങൾ പിടിപെടുകയോ ചെയ്യുന്ന സ്ത്രീകൾക്ക് അർഹമായ നഷ്ടപരിഹാരം കിട്ടാനുള്ള വഴി തെളിയുമെന്നുമാണ് കാലിഫോർണിയയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. 

click me!