കംബോഡിയ-തായ്‍ലൻഡ് അതിർത്തി സംഘർഷം: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, അടിയന്തര യോഗം ചേർന്ന് യുഎൻ

Published : Jul 26, 2025, 10:08 AM IST
Thailand- Cambodia Border Clash

Synopsis

അതിർത്തി മേഖലയിലേക്ക് പോകരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം.  അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകി.

നോംപെൻ: കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് പോകരുത്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി. +855 92881676 എന്ന നമ്പറിൽ ബന്ധപ്പെടാം.

തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 58,000-ത്തിലധികം പേർ താൽക്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. അതേസമയം അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 23,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതർ പറഞ്ഞു. 

മരണ സംഖ്യ 32 ആയി ഉയർന്നു. 19 തായ് പൌരന്മാരും 13 കംബോഡിയൻ പൌരന്മാരും കൊല്ലപ്പെട്ടെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചത്. സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. ഇരു രാജ്യങ്ങളും ഉൾപ്പെടുന്ന 10 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആസിയാനിലുള്ള മലേഷ്യ, ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.

നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന കംബോഡിയ-തായ്‍ലൻഡ് അതിർത്തി തർക്കം ആണ് മൂന്ന് ദിവസം മുൻപ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. കംബോഡിയൻ സൈനികർ പൊടുന്നനെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു. തുടർന്ന് ഇരു സൈന്യങ്ങളും നേരിട്ട് ഏറ്റുമുട്ടി. പിന്നാലെ തായ്‌ലൻഡ് എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം നടത്തി. അതിർത്തിയോട് ചേർന്ന് കഴിയുന്നവരെ പേരെ തായ്‌ലൻഡ് ഒഴിപ്പിച്ചു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വെട്ടിക്കുറച്ചു.

നിരവധി പുരാതന ക്ഷേത്രങ്ങളുള്ള അതിർത്തി പ്രദേശത്തിന്റെ അവകാശത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ ഏറെക്കാലമായി തർക്കം നിലവിൽ ഉണ്ട്. ചില ലോകപ്രശസ്ത പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥത ഇരു രാജ്യങ്ങളും അവകാശപ്പെടുന്നു. 817 കിലോമീറ്റർ കര അതിർത്തി ഇരു രാജ്യങ്ങളും പങ്കിടുന്നുണ്ട്. മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും വിനോദ സഞ്ചാരികൾ ആയി എത്തുന്ന രാജ്യങ്ങൾ ആണ് രണ്ടും. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ