കൊടും പട്ടിണിയിൽ ഗാസ, ഭക്ഷണത്തിനായി കരഞ്ഞ് കേഴുന്ന ജീവനുകൾ; മരിച്ച് വീഴുന്നത് കുട്ടികളടക്കം നൂറുകണക്കിന് പേർ

Published : Jul 26, 2025, 08:03 AM IST
gaza starvation death

Synopsis

'മനുഷ്യനിർമിത കൂട്ട പട്ടിണി' എന്നാണ് ലോകാരോഗ്യ സംഘടന ഗാസയിലെ മനുഷ്യരുടെ അവസ്ഥയെ വിശേഷിപ്പിച്ചത്.

ഗാസ: ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഗാസ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തിൽ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും. തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിലമർന്നു. 122 ലധികം പേർ ഇതിനോടകം പട്ടിണിയിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 83 കുട്ടികളാണ് പോഷകാഹാരക്കുറവിൽ മരിച്ചു വീണത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ ആശുപത്രികളിൽ ഒമ്പത് പുതിയ മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞുങ്ങളെ മുലയൂട്ടാൻ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരും നിസ്സഹായരായി കഴിയുകയാണ്. ഗാസയിൽ പട്ടിണി മൂലമുള്ള മരണങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി കുട്ടികളുടെ മരണങ്ങളും, പോഷകാഹാരക്കുറവിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളും ലോകത്തെയാകെ നടുക്കുന്നതാണ്. 'മനുഷ്യനിർമിത കൂട്ട പട്ടിണി' എന്നാണ് ലോകാരോഗ്യ സംഘടന ഗാസയിലെ മനുഷ്യരുടെ അവസ്ഥയെ വിശേഷിപ്പിച്ചത്.

ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രത്യേക ചികിത്സാ ഭക്ഷണം ആഗസ്‌ത്‌ പകുതിയോടെ തീരുമെന്ന് യുനിസെഫും ഏജൻസികളും മുന്നറിയിപ്പ്‌ നൽകി. കഴിഞ്ഞയാഴ്‌ച ഗാസയിലെ ക്ലിനിക്കുകളിൽ പരിശോധിച്ച എല്ലാ കുഞ്ഞുങ്ങളിലും ഗർഭിണികളിലും മുലയൂട്ടുന്ന സ്‌ത്രീകളിലും നാലിലൊന്ന് പേർക്കും ഗുരുതരമായ പോഷകാഹാരക്കുറവ്‌ കണ്ടെത്തിയതായി ആഗോള മെഡിക്കൽ സന്നദ്ധ സംഘടന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വെളിപ്പെടുത്തി.

വരും തലമുറയെയാണ് കൊടും പട്ടിണിയിലാക്കി ഇസ്രയേൽ ഉന്മൂലനം ചെയ്യുന്നത് നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടത്. ദുർവിധിയുടെ ആകാശത്ത് തീമഴ പെയ്യുമ്പോഴും മരണത്തെ മുഖാമുഖം കാണുമ്പോഴും നല്ല നാളെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗാസയിലെ ജനത.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം