
ലൂയിസ് വില്ലേ: വ്യവസായ മേഖലയിലേക്ക് കാർഗോ വിമാനം ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13ആയി. യുപിഎസിന്റെ കാർഗോ വിമാനമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബെർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂറ്റ്, ഇന്റർ നാഷണൽ റിലീഫ് ഓഫീസർ ക്യാപ്ടൻ ഡാന ഡയമണ്ട് എന്നീ ജീവനക്കാരനാണ് മക്ഡൊണൽ ഡഗ്ലസ് എം ഡി 11 എന്ന കാർഗോ വിമാനത്തിലുണ്ടായിരുന്നത്. വിമാനം അഗ്നിഗോളമായതിന് പിന്നാലെ ബാധിക്കപ്പെട്ട എല്ലാവരേയും കണ്ടെത്താനായി എന്നാണ് പ്രതീക്ഷയെന്നാണ് ലൂയിസ് വില്ലേ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പ്രതികരിച്ചത്.
ടേക്ക് ഓഫിന് പിന്നാലെ യുപിഎസ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ പടരുകയും എൻജിൻ താഴെ പതിക്കുകയും ചെയ്തോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേറ്റർ ബുധനാഴ്ച വ്യക്തമാക്കിയത്. വിമാനത്തിന്റെ അറ്റകുറ്റ പണികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തകരുന്നതിന് ആഴ്ചകൾക്ക് മുന്നിലെത്തിച്ച് വിമാനം അറ്റകുറ്റ പണികൾക്കായി ടെക്സാസിൽ എത്തിച്ചിരുന്നു. സെപ്തംബർ 3 മുതൽ 18 ഒക്ടോബർ വരെ വിമാനത്തിൽ അറ്റകുറ്റപണികൾക്കായി ടെക്സാസിലെ സാൻ ആന്റോണിയോയിലായിരുന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്. വിമാനത്താവള പരിസരത്ത് നിന്ന് താഴേയ്ക്ക് പതിച്ച എൻജിനും അപകട സ്ഥലത്ത് നിന്ന് കോക്പിറ്റിലെ ഡാറ്റ റെക്കോർഡറും വോയിസ് റെക്കോർഡും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച വിമാന ഭാഗങ്ങൾക്കിടയിൽ നിന്ന് കേടുപാടുകളില്ലാതെയാണ് ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുള്ളത്.
വിമാനം 475 അടി ഉയരത്തിലും മണിക്കൂറിൽ 210 മീറ്റർ വേഗതയിലുമായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് രേഖകൾ വിശദമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്കിന് ചേർന്ന് വിള്ളൽ കണ്ടതോടെയാണ് സെപ്തംബറിൽ അറ്റകുറ്റ പണികൾക്കായി വിമാനം നിലത്തിറക്കിയത്. അപകടത്തിന് പിന്നാലെ അടച്ച ലൂയിസ് വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടുണ്ട്. ലൂയിസ് വില്ലേയിലെ ചരക്കു കമ്പനികളിൽ ഏറ്റവും വലിയതാണ് യുപിഎസ്. ഇരുപതിനായിരത്തിലധികം ജോലിക്കാരാണ് മേഖലയിൽ മാത്രം യുപിഎസിനായി ജോലി ചെയ്യുന്നത്. ദിവസേന 300 വിമാനത്തോളങ്ങൾ യുപിഎസ് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിൽ 4 ലക്ഷത്തോളം പാക്കേജുകളാണ് യുപിഎസ് കൈകാര്യം ചെയ്യുന്നത്.
വ്യവസായ മേഖലയിലേക്കാണ് കാർഗോ വിമാനം തകർന്ന് വീണത്. ഇത് വലിയ രീതിയിൽ മേഖലയിൽ അഗ്നിബാധയ്ക്ക് കാരണമായിരുന്നു. 34 വർഷം പഴക്കമുള്ള എംഡി 11 ഫ്രെയ്റ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിം ഗ് മക്ഡൊണൽ ഡഗ്ലസ് എം ഡി 11 ഏറ്റെടുത്ത സമയത്ത് ഇത്തരം വിമാനങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു. യുപിഎസ് 2006ലാണ് ഈ വിമാനം സർവ്വീസിന് ഉപയോഗിച്ച് തുടങ്ങിയത്. ചൊവ്വാഴ്ച ലൂയിസ് വില്ലേയിൽ നിന്ന് ബാൾട്ടിമോറിലേക്ക് പോയി തിരിച്ച് വന്ന ശേഷമാണ് ഈ വിമാനം ഹോണോലുലുവിലേക്ക് പോകാനായി തയ്യാറെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam