നടുക്കടലിൽ തീപിടിച്ച 'മോണിങ് മിഡാസ്' മുങ്ങി; കൂറ്റൻ കപ്പലിൽ ഉണ്ടായിരുന്നത് 800 ഇവികൾ ഉൾപ്പെടെ 3000 വാഹനങ്ങൾ

Published : Jun 25, 2025, 09:56 AM ISTUpdated : Jun 25, 2025, 10:00 AM IST
morning midas cargo ship

Synopsis

800 ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 3000 വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു കപ്പൽ. 22 ജീവനക്കാരെ രക്ഷപ്പെടുത്തി.

മെക്സിക്കോ സിറ്റി: 3000 വാഹനങ്ങളുമായി പോകവേ നടുക്കടലിൽ തീപിടിച്ച മോണിങ് മിഡാസ് എന്ന ചരക്കുകപ്പൽ പൂർണമായും മുങ്ങി. നോർത്ത് പസഫിക് സമുദ്രത്തിലാണ് കാർഗോ മുങ്ങിയത്. 800 ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 3000 വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു കാർഗോ. കപ്പലിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതോടെ നേരത്തെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾക്കിപ്പുറം കപ്പൽ പൂർണമായും മുങ്ങി. അപകടത്തിൽ നിന്ന് 22 ജീവനക്കാർക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു.

മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്നാണ് ലൈബീരിയൻ പതാകയേന്തിയ കപ്പല്‍ പുറപ്പെട്ടത്. മെക്സിക്കോയിലെ പ്രമുഖ തുറമുഖമായ ലാസാരോ കാർദിനാസിലേക്കായിരുന്നു യാത്ര. അലാസ്കയിൽ എത്തിയപ്പോൾ‌ ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്നും പുക ഉയർന്നു. ഉടൻ തന്നെ തീകെടുത്താന്‍ നടപടികൾ ആരംഭിച്ചെങ്കിലും തീ ആളിപ്പടർന്നു. സ്ഥിതി​ഗതികൾ കൈവിട്ടതോടെ 22 ജീവനക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ അടുത്തുള്ള കപ്പലിലേക്ക് ജീവനക്കാരെ മാറ്റി. പസഫിക് സമുദ്രത്തിന്റെ വടക്കൻ മേഖലയിലുണ്ടായിരുന്ന കോസ്കോ ഹെല്ലാസ് എന്ന ചരക്ക് കപ്പലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

അലാസ്കയുടെ സമുദ്രാതിർത്തിയിൽ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായാണ് തീ പടർന്ന് നശിച്ച കപ്പൽ ജീവനക്കാർ ഉപേക്ഷിച്ചത്. സോഡിയാക് മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പൽ. കപ്പലിലെ തീ നിയന്ത്രണത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും പാളിയതിന് പിന്നാലെയാണ് കപ്പൽ ഉപേക്ഷിച്ചതെന്ന് സോഡിയാക് മാരിടൈം വിശദമാക്കി.

183 മീറ്റർ നീളമുള്ള മോർണിംഗ് മിഡാസ് 2006ലാണ് നിർമ്മിച്ചത്. കരയിൽ നിന്ന് 415 മൈൽ അകലെ 16,404 അടി താഴ്ചയിലാണ് കാർഗോ മുങ്ങിയത്. കപ്പൽ മുങ്ങിയതിനെത്തുടർന്ന് സാരമായ മലിനീകരണം ഇല്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് കാമറൂൺ സ്നെൽ അറിയിച്ചു. മലിനീകരണത്തിന്റെ എന്തെങ്കിലും സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം