Pakistan | പാകിസ്താനില്‍ ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കിയ ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു

By Web TeamFirst Published Nov 10, 2021, 10:42 AM IST
Highlights

അക്രമികളില്‍ നിന്ന് തന്നെ പണം പിരിച്ചെടുത്ത് ക്ഷേത്രം ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിനായി അക്രമികളില്‍ നിന്ന് 194161 ഡോളര്‍ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

പാകിസ്താനില്‍(Pakistan) ആള്‍ക്കുട്ടം തീ വച്ച നശിപ്പിച്ച ഹിന്ദുക്ഷേത്രം( Shri Param Hans Ji Maharaj templ) പുനര്‍നിര്‍മ്മിച്ചു. ഒരുനൂറ്റാണ്ട് പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് കഴിഞ്ഞ വര്‍ഷം ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കിയത്(demolished by a mob). വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ പുനര്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് (Chief Justice Gulzar Ahmed)ഉദ്ഘാടനം ചെയ്തത്. ക്ഷേത്രം കഴിഞ്ഞ വര്‍ഷം നശിപ്പിച്ചതിന് പിന്നാലെ പുനര്‍ നിര്‍മ്മിക്കണമെന്ന് ഉത്തവിട്ടത് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ആയിരുന്നു. ജാമായത് ഉലേമാ ഇ ഇസ്ലാം ഫസി(Jamiat Ulema-e-Islam Fazl ) പുരോഹിതരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള ശ്രീപരം ഹാന്‍സ് ജി മഹാരാജ് ക്ഷേത്രം അഗ്നിക്കിരയാക്കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇത്. അക്രമികളില്‍ നിന്ന് തന്നെ പണം പിരിച്ചെടുത്ത് ക്ഷേത്രം ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിനായി അക്രമികളില്‍ നിന്ന് 194161 ഡോളര്‍ ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു. രാജ്യാന്തര സമൂഹത്തിന് മുന്നില്‍ പാകിസ്താന് ക്ഷേത്രം തകര്‍ത്ത നടപടി നാണക്കേടുണ്ടാക്കിയെന്ന് വിശദമാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച നടന്ന വര്‍ണ ശബളമായ ചടങ്ങില്‍ ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം ചീഫ് ജസ്റ്റിസും പുനര്‍നിര്‍മ്മിച്ച ക്ഷേത്രത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ ഭാഗമായി. ക്ഷേത്രത്തിലെ വിശ്വാസികളോട് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചായിരുന്നു ഗുല്‍സാര്‍ അഹമ്മദിന്‍റെ നടപടി.

രാജ്യത്തെ മുസ്ലിം വിശ്വാസികള്‍ അല്ലാത്ത ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഗുല്‍സാര്‍ അഹമ്മദ് വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക്  മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും ഒരാള്‍ക്കും മതപരമായി ബന്ധമുള്ള ഇടങ്ങള്‍ നശിപ്പിക്കാനുള്ള അധികാരമില്ലെന്നും ഗുല്‍സാര്‍ അഹമ്മദ് വ്യക്തമാക്കി. മുസ്ലിം വിശ്വാസികള്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഹിന്ദുവിഭാഗത്തിലുള്ളവര്‍ക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മേഖലയിലെ ഹിന്ദു വിഭാഗത്തിലുള്ളവര്‍ ചീഫ് ജസ്റ്റിസിന് ഡിജിറ്റല്‍ ഖുറാനും തലപ്പാവും സമ്മാനിച്ചു. സിന്ധ്, ബലൂചിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള ഹിന്ദു സമൂഹമാണ് ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചത്. പാകിസ്താനില്‍ ന്യൂനപക്ഷമാണ് ഹിന്ദു വിഭാഗത്തിലുള്ളവര്‍. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 75 ഹിന്ദു വിഭാഗത്തിലുള്ളവരാണ് പാകിസ്താനിലുള്ളത്. ഇവരില്‍ വലിയൊരു വിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. 

click me!