
ലണ്ടന്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് (covaxin) ബ്രിട്ടന്‍റെ (britian) അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. കൊവാക്സീന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടന്‍റെ മുന്‍ നിലപാട്. ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും പ്രവേശനാനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ചേർന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്‍ധസമിതി പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.
അതേസമയം രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ നവംബര്‍ ഏഴുവരെ വരെ ഏറ്റവും കൂടുതല്‍ വാക്സീൻ നല്‍കിയത് സെപ്റ്റംബർ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. ആറ് കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്സീനാണ് അന്ന് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (narendra modi) പിറന്നാള്‍ ദിനമായ സെപ്റ്റബർ പതിനേഴിന് മാത്രം രണ്ടര കോടി ഡോസ് വാക്സീൻ വിതരണം ചെയ്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ റെക്കോര്‍ഡും സ്ഥാപിച്ചു. എന്നാല്‍ വാക്സീൻ വിതരണം രാജ്യത്ത് ഇപ്പോള്‍ ഇഴയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ച നല്‍കാനായത് വെറും രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്സീൻ വിതരണം ഒക്ടോബര്‍ പതിനെട്ടിനാണ്. അന്ന് നല്‍കിയത് 91,20,000 ഡോസ്. രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയതതില്‍ 74 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയിപ്പോള്‍ രണ്ട് ഡോസും നല്‍കാനായത് 34 കോടി പേർക്കാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാതെ ഇരിക്കുന്നുണ്ടെന്നാണ് ശനിയാഴ്ച വരെയുള്ള കണക്കുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam