
ദില്ലി: കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്.
ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി.
നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ചാൾസ് രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്. എന്നാൽ ജയിൽച്ചാടി. പലരാജ്യത്ത് നിന്നും പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാൾസ് മുങ്ങി. ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ചാൾസ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയിൽ കേസെടുത്തു.
അറസ്റ്റിലായ ചാൾസ് തിഹാർ ജയിലിലായി. തൊട്ടുപിന്നാലെ ജയിൽ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു. 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രിം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തും. ബിക്കിനി കില്ലറെന്നും ദി സെർപ്പെന്‍റ് എന്നുമായിരുന്നു ചാൾസിന്‍റെ വിളിപ്പേരുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam