ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേർക്ക് പരിക്ക്; അക്രമിക്കായി ചിക്കാഗോയിൽ തിരച്ചിൽ

By Web TeamFirst Published Jul 4, 2022, 11:55 PM IST
Highlights

വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി.  പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്

ചിക്കാഗോ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി വിവരം. 16 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. അതേസമയം അക്രമിക്കായി സുരക്ഷാ വിഭാഗങ്ങൾ വ്യാപക തെരച്ചിൽ നടത്തുകയാണ്.

ഇന്ന് അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർത്തതായാണ് വിവരം.

വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി.  പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കായി വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്. 

സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ ജൂലൈ 4 പരേഡ് നിർത്തിവെച്ചു. എത്ര പേർ മരിച്ചെന്നോ എത്ര പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ ആദ്യം പുറത്തുവന്നിരുന്നില്ല. ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കി.
 

click me!