
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിച്ചതിനാലുള്ള ദുരഭിമാനക്കൊലയാണിതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി.
എന്നാൽ തന്നെ കൊലപ്പെടുത്തുന്നതിന് മുമ്പ് ആ യുവതി വിളിച്ചുപറഞ്ഞതിനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവുന്നു. വീഡിയോയിൽ, പർവതപ്രദേശത്ത് പിക്ക്അപ്പ് ട്രക്കുകളിൽ നിരവധി പേർ ഒരുമിച്ച് എത്തുന്നത് കാണാം. പ്രാദേശിക ഭാഷയിൽ സംസാരിക്കുന്ന യുവതി താൻ നിയമപരമായി വിവാഹിതയാണെന്ന് പറയുന്നു. " വരൂ, നിങ്ങൾക്ക് എന്നെ വെടിവെക്കാം കൊല്ലാം, അതിന് മാത്രമേ കഴിയൂ," എന്നാണ് യുവതി പറയുന്നതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക പൊലീസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട ദമ്പതികൾ ബാനോ ബീബിയും അഹ്സാൻ ഉല്ലയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഒരാളും ഇതുവരെ പരാതി നൽകാൻ മുന്നോട്ട് വന്നിട്ടില്ല. വൈറലായ വീഡിയോ പരിശോധിച്ച് ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചതായും വാര്‍ത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ദെഗ്ഹാരി ജില്ലയിലാണ് കൊലപാതകങ്ങൾ നടന്നതെന്ന് മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറിയിച്ചു. പകൽ വെളിച്ചത്തിൽ, നിരവധി ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് നവദമ്പതികളെ വെടിവെച്ച് കൊല്ലുന്നതാണ് അലോസരപ്പെടുത്തുന്ന വീഡിയോയിലുള്ളത്.