ഒടുവില്‍ ചൈനയുടെ പ്രഖ്യാപനം; വുഹാനെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ നിന്നൊഴിവാക്കി

By Web TeamFirst Published Apr 19, 2020, 4:57 PM IST
Highlights

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ സമ്പര്‍ക്കം മൂലം വൈറസ് ബാധിതരായവരുമാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇതുവരെ 4,632 പേരാണ് ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്.

വുഹാന്‍: കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെടുന്ന വുഹാനെ അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിലേക്ക് ചൈന മാറ്റി. നഗരത്തിലെ മരണനിരക്ക് 50 ശതമാനത്തിലേറെ കുറവ് വന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ 16 കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ ഇതിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു.

14 ദിവസം ഒരു കൊവിഡ് കേസ് പോലും ഉണ്ടാവാത്ത പ്രദേശങ്ങളെയാണ് ചൈന അപകടസാധ്യത കുറഞ്ഞതായി കാണുന്നത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ സമ്പര്‍ക്കം മൂലം വൈറസ് ബാധിതരായവരുമാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഇതുവരെ 4,632 പേരാണ് ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. 82,735 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ചത്. ഇപ്പോഴും ആയിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിനിടെ കൊറോണവൈറസ് മനുഷ്യസൃഷ്ടിയാണെന്ന വാദം തള്ളി ചൈന രംഗത്തെത്തി. അമേരിക്കയുടെയും ചില ശാസ്ത്രജ്ഞരുടെയും വാദം തള്ളി വുഹാന്‍ വൈറോളജി ലാബ് തലവന്‍ യുവാന്‍ ഷിംസിങാണ്രംഗത്തെത്തിയത്.

'എന്ത് തരത്തിലുള്ള പരീക്ഷണങ്ങളാണ് വുഹാന്‍ വൈറോളജി ലാബില്‍ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. വൈറസുകളെയും സാംപിളുകളെയും സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ക്കെല്ലാം കര്‍ശന മാര്‍ഗനിര്‍ദേശമുണ്ട്. ലാബില്‍ നിന്ന് വൈറസ് പുറത്തെത്താന്‍ യാതൊരു സാധ്യതയുമില്ല'-അദ്ദേഹം സിജിടിഎന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.സഹായിക്കാന്‍ കഴിയില്ലെങ്കിലും സഹകരിക്കാമെന്ന് യുഎസിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

യാതൊരു തെളിവോ അറിവോ ഇല്ലാതെ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈറസിനെ മനുഷ്യന് സൃഷ്ടിക്കാനാകില്ല. കൊറോണവൈറസ് മനുഷ്യസൃഷ്ടിയാണെന്നതിന് ആരോപിക്കുന്നവര്‍ തെളിവ് നല്‍കുന്നില്ല. ചില ശാസ്ത്രജ്ഞരും വൈറസ് മനുഷ്യ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍, മനുഷ്യന് വൈറസിനെ സൃഷ്ടിക്കാനാവില്ല. മഹാമാരിക്കെതിരെ പോരാടുന്നവരെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

click me!