'3 ബോഡി പ്രോബ്ലം' നെറ്റ്ഫ്‌ലിക്‌സ് സീരീസിനെച്ചൊല്ലി കൊല; ഗെയിമിംഗ് രാജാവിനെ വിഷംകൊടുത്തുകൊന്ന അഭിഭാഷകന് വധശിക്ഷ

Published : May 26, 2026, 06:39 PM IST
3 Body problems

Synopsis

തുടര്‍ന്നാണ് കൊല്ലാനുള്ള പദ്ധതികള്‍ ആരംഭിക്കുന്നത്. ഷാങ്ഹായില്‍ അയാള്‍ ഒരു പരീക്ഷണശാല സ്ഥാപിച്ചു. ഡാര്‍ക്ക് വെബില്‍ നിന്ന് ശേഖരിച്ച നൂറിലധികം മാരകമായ വിഷവസ്തുക്കള്‍ ചെറിയ മൃഗങ്ങളില്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണങ്ങള്‍.

ചൈനയിലെ എണ്ണം പറഞ്ഞ കോടീശ്വരന്‍മാരില്‍ ഒരാളും ഗെയിമിംഗ് ബിസിനസിലെ രാജാവുമായിരുന്ന വ്യവസായിലെ വിഷംകൊടുത്തു കൊന്ന കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ലോകോത്തര ഗെയിമിംഗ് കമ്പനിയായ യൂസൂ ഗെയിംസിന്റെ ഉടമയായ ലിന്‍ ക്വിയെ വധിച്ച കേസിലാണ് പ്രതിയും മുന്‍ സഹപ്രവര്‍ത്തകനുമായ ഷു യാവോ എന്ന അഭിഭാഷകന്റെ വധശിക്ഷ.

നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും ജനപ്രിയമായ പരമ്പരകളിലൊന്നായ '3 ബോഡി പ്രോബ്ലം' എന്ന സയന്‍സ് ഫിക്ഷന്‍ ത്രയത്തിന്റെ ചലച്ചിത്രാവിഷ്‌കാര അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് കൊല നടന്നത്.

ചൈനയിലെ ജനപ്രിയ സയന്‍സ് ഫിക്ഷന്‍ നോവലുകളില്‍ ഒന്നായ ലിയു സിക്‌സിന്റെ റിമംബറന്‍സ് ഓഫ് എര്‍ത്ത്‌സ് പാസ്റ്റ് എന്ന പുസ്തകമാണ് 3 ബോഡി പ്രോബ്ലം എന്ന സയന്‍സ് ഫിക്ഷന്‍ പരമ്പരയായി മാറിയത്. ചൈനീസ് ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകങ്ങള്‍ മുപ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും നിരവധി ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ ഗെയിമിംഗ്, സിനിമാ അവകാശങ്ങള്‍ ലിന്‍ ക്വിയുടെ കമ്പനിക്കായിരുന്നു. വന്‍തുകയ്ക്കാണ് ഇതിന്റെ അവകാശം ലിന്‍ ക്വി നെറ്റ്ഫ്‌ലിക്‌സിന് വിറ്റത്. ആ ഇടപാടിന്റെ പ്രധാന കണ്ണിയായിരുന്നു ഷു യാവോ എന്ന അഭിഭാഷകന്‍. സയന്‍സ് ഫിക്ഷന്‍ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ ലിന്‍ ക്വി സ്ഥാപിച്ച അനുബന്ധ സ്ഥാപനമായ ത്രീ-ബോഡി യൂണിവേഴ്‌സിന്റെ നടത്തിപ്പുകാരനായിരുന്നു ഷു യാവോ. ആ നിലയ്ക്ക് നെറ്റ്ഫ്‌ളിക്‌സുമായുള്ള ഇടപാടുകളിലെ മുഖ്യ കണ്ണിയായി അയാള്‍ മാറി. എന്നാല്‍, കരാറായിക്കഴിഞ്ഞപ്പോള്‍ ലിന്‍ ക്വി ഷു യാവോയെ തഴഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട പട്ടികയില്‍നിന്ന് അയാളുടെ പേര് വെട്ടിമാറ്റപ്പെട്ടു.

തുടര്‍ന്നാണ് പ്രതികാരദാഹിയായി മാറിയ ഷു യാവോ ലിന്‍ ക്വിയുവിനെ കൊല്ലാനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതെന്നാണ് കുറ്റപത്രം പറയുന്നത്. മുന്‍ ടെലിവിഷന്‍ എക്‌സിക്യൂട്ടീവ് കൂടിയായ ഷു യാവോ ലിന്‍ ക്വിയെ വധിക്കാന്‍ പലവഴികള്‍ നോക്കി. പ്രശസ്ത ടിവി പരമ്പരയായ ബ്രേക്കിംഗ് ബാഡില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യാവോ ഷാങ്ഹായില്‍ അയാള്‍ ഒരു പരീക്ഷണശാല സ്ഥാപിച്ചു. ഡാര്‍ക്ക് വെബില്‍ നിന്ന് ശേഖരിച്ച നൂറിലധികം മാരകമായ വിഷവസ്തുക്കള്‍ ചെറിയ മൃഗങ്ങളില്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണങ്ങള്‍.

ചൈനീസ് ചായയിലൂടെയാണ് ലിന്‍ ക്വിക്ക് വിഷബാധയേറ്റതെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍, പ്രോബയോട്ടിക് ഗുളികകളുടെ കുപ്പിയില്‍ മാരകമായ വിഷഗുളികകള്‍ കലര്‍ത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഈ ഗുളികകള്‍ കഴിച്ച ചില സഹപ്രവര്‍ത്തകര്‍ക്കും വിഷബാധയേറ്റിരുന്നു. 2020 ഡിസംബറില്‍ വിഷബാധയേറ്റതിനെ തുടര്‍ന്ന് ക്വിന്‍ ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം, 39-ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഹുറുണ്‍ ചൈന റിച്ച് ലിസ്റ്റ് പ്രകാരം, ആ സമയത്ത് ലിന്‍ ക്വിയുടെ ആകെ സമ്പാദ്യം ഏകദേശം 6.8 ബില്യണ്‍ യുവാന്‍ (7886 കോടി രൂപ) ആണെന്നാണ് കരുതുന്നത്.

ലിന്‍ ആശുപത്രിയിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് ഷുവിനെ അറസ്റ്റ് ചെയ്തിരുന്നു. 2024-ല്‍ ഷു കുറ്റക്കാരനാണെന്ന് കണ്ടെത്തി. 'അങ്ങേയറ്റം നീചം' എന്നാണ് കോടതി ഷുവിന്റെ ക്രൂരമായ പദ്ധതിയെ കോടതി വിശേഷിപ്പിച്ചത്.മെയ് 21-നാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയതെന്നാണ് ചൈനീസ് മാധ്യമറിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ലിന്നിന്റെ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ 'ഒടുവില്‍ നീതി നടപ്പായിരിക്കുന്നു' എന്നാണ് വിശദീകരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏത് പ്രതിസന്ധിയെയും മറികടക്കാൻ യുഎഇക്ക് കരുത്തുണ്ട്; രാജ്യത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് ഡോ. അൻവർ ഗർഗാഷ്
സ്റ്റേഷനെത്തും മുൻപുള്ള ലെവൽ ക്രോസിൽ ട്രെയിൻ ഇടിച്ച് കയറിയത് സ്പെഷ്യൽ സ്കൂൾ ബസിലേക്ക്,ബെൽജിയത്തിൽ കുട്ടികൾ അടക്കം നാല് പേർ കൊല്ലപ്പെട്ടു