
ദില്ലി: അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകി. ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ "ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ" എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്.
ചൈനയുടെ കാബിനറ്റായ സ്റ്റേറ്റ് കൗൺസിൽ പുറപ്പെടുവിച്ച പേരുകൾ ചൈനീസ്, ടിബറ്റൻ, പിൻയിൻ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ആഭ്യന്തരകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. രണ്ട് ഭൂപ്രദേശങ്ങൾ, രണ്ട് ജനവാസ മേഖലകൾ, അഞ്ച് പർവതശിഖരങ്ങൾ, രണ്ട് നദികൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്ഥല പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പേരുകൾ നൽകുന്നത്. 2017ൽ ആറ് സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും ചൈനീസ് ആഭ്യന്തര കാര്യ മന്ത്രാലയം ഇത്തരത്തിൽ പേര് നൽകിയിരുന്നു.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അരുണാചൽ പ്രദേശ് എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പുതിയ പേരുകൾ നൽകുന്നത് ഈ വസ്തുതയ്ക്ക് മാറ്റം വരുത്തില്ലെന്നും ഇന്ത്യ വാദിച്ചു. പുതിയ പേരുകൾ പ്രഖ്യാപിക്കുന്നത് നിയമാനുസൃത നീക്കമാണെന്നും ഭൂമിശാസ്ത്രപരമായി പേരുകൾ നൽകുന്നത് ചൈനയുടെ അവകാശമാണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam