
ദില്ലി: ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനീസ് സാന്നിധ്യം വര്‍ദ്ധിക്കുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ നാവിക സേന. നാവികസേനാ തലവൻ കരംബീർ സിംഗാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത് എന്ന് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാവികസേന അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ആറിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വിമാന വാഹിനി കപ്പലുകള്‍ വിന്യസിച്ചേക്കും എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ചൈനീസ് മാരീടൈം സ്റ്റാറ്റര്‍ജി എന്ന പ്രഭാഷണത്തിനിടെ ചീഫ് ഓഫ് സതേണ്‍ നേവല്‍ കമാന്റ് വൈസ് അഡ്മിറല്‍ എകെ ചൗളയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഇദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം, പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ നേവല്‍ വിഭാഗം 1985 മുതല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക വിന്യാസവും പെട്രോളിംഗും നടത്താറുണ്ട്. എന്നാല്‍ 2008 മുതല്‍ ഇത് ശക്തമാണ്. കടല്‍കൊള്ളക്കാരുടെ നടപടി എന്ന നിലയിലാണ് ചൈന ഇത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
2012 ല്‍ ഇത്തരത്തില്‍ ആണവ അന്തര്‍വാഹിനികള്‍ ഈ പ്രദേശത്ത് ചൈന വിന്യസിച്ചു. ഇതിന് പുറമേ കപ്പലുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ചോര്‍ത്തുക, കടല്‍തട്ടിന്റെ തന്ത്രപ്രധാന മാപ്പുകള്‍ തയ്യാറാക്കുക എന്നീ നീക്കങ്ങളും ചൈന നടത്തുന്നുണ്ട്. ഇതിന് പുറമേ വിമാന വാഹിനി കപ്പലുകളാണ് ചൈന ഈ മേഖലയില്‍ വിന്യസിക്കുന്നത്.
ശ്രീലങ്ക, പാകിസ്ഥാന് അടക്കം ഇന്ത്യന്‍ അയല്‍രാജ്യങ്ങളില്‍ ചൈന ഏറ്റെടുത്തിരിക്കുന്ന തുറമുഖ പദ്ധതികളുടെ സംരക്ഷണവും ചൈന ഇത്തരം നാവിക വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. എങ്കിലും ഇന്ത്യ ശക്തമായി ഇതിനെ നിരീക്ഷിക്കുകയാണ് എന്നാണ് ഇന്ത്യന്‍ നാവിക സേന പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam