
ബെര്‍ലിന്‍: ഫാസിസ്റ്റ് ഭരണാധികാരിയും ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‍ലറിന്‍റെ ഓര്‍മ്മകളെപ്പോലും ഭയപ്പെടുന്നവരാണ് ജര്‍മന്‍ ജനത. ഹിറ്റ്‍ലറിന്‍റെ കാലഘട്ടത്തെ മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിചിത്രമായ ഒരും സംഭവം കഴിഞ്ഞ ദിവസം ജര്‍മനിയിലെ അഗസ്റ്റസ്ബര്‍ഗിലുണ്ടായത്.
കാഴ്ചയില്‍ ഹിറ്റ്‍ലറെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഹിറ്റ്ലറുടെ വേഷം ധരിച്ച് പഴയ മോഡലിലുള്ള മോട്ടോര്‍ സൈക്കിളില്‍ സവാരി നടത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഹിറ്റ്‍ലറുടെ കുപ്രസിദ്ധമായ മുറിമീശയും കോട്ടും ഹെയര്‍സ്റ്റൈലുമെല്ലാം അതേപോലെ തന്നെ പകര്‍ത്തിയായിരുന്നു അപരനെത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി സൈനികന്‍റെ യൂണിഫോം ധരിച്ച ഒരാളാണ് മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നത്. പ്രത്യേക ഇരിപ്പിടമുള്ള മോട്ടോര്‍ സൈക്കിളിലിരുന്ന ഇയാള്‍ ഹിറ്റ്‍ലറെപ്പോലെ തന്നെ കാണികളെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
ഇത് കണ്ട പലരും അതിശയിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിലര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. അപരന്‍റെ മോട്ടോര്‍സൈക്കിള്‍ സവാരിക്കിടെ ഈ വഴി കടന്നുപോയ പൊലീസ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് വഴിയൊരുക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാമായിരുന്നു. പൊലീസുകാരന്‍ കൃത്യവിലോപം നടത്തി എന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഹിറ്റലറെപ്പോലെ വേഷം ധരിച്ച് ഒരാള്‍ സഞ്ചരിക്കുന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് പൊലീസ് വക്താവ് ഡിപിഎ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ സക്സോണി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam