
ദില്ലി: ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നതിന് പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് ചൈന. ചരിത്രത്തെ സത്യസന്ധമായി അഭിമുഖീകരിച്ച് അതിൽ നിന്ന് പഠിച്ച് ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയുമാണ് യഥാർത്ഥ ശക്തി ലഭിക്കുന്നതെന്ന് ഇന്ത്യയുടെ നാഴികക്കല്ല് തെളിയിക്കുന്നുവെന്ന് ചൈന പറഞ്ഞു. ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഒരുങ്ങിയിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ചരിത്രത്തെ സത്യസന്ധമായി നേരിടുന്നതിലൂടെയും അതിൽ നിന്ന് പഠിക്കുന്നതിലൂടെയും ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയുമാണ് യഥാർത്ഥ ശക്തി ലഭിക്കുന്നതെന്ന് ഇന്ത്യയുടെ ഉയർച്ച കാണിക്കുന്നു- ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സർക്കാരിന്റെ വർഷാവസാന സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.18 ട്രില്യൺ ഡോളറിലെത്തിയെന്നും ഇന്ത്യ ഇനി അമേരിക്ക, ചൈന, ജർമ്മനി എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തെത്തിയെന്നും ഡാറ്റ പറയുന്നു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം 2026-ൽ അന്തിമ വാർഷിക ജിഡിപി കണക്കുകൾ പുറത്തുവിടുമ്പോൾ ലഭിക്കുന്ന ഡാറ്റയെ ആശ്രയിച്ചായിരിക്കും. അന്താരാഷ്ട്ര നാണയ നിധി (IMF) കണക്കുകൾ പ്രകാരം ഇന്ത്യ ഈ വർഷം ജപ്പാനെ മറികടക്കും.
2026-ലെ ഐഎംഎഫ് പ്രവചനങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.51 ട്രില്യൺ ഡോളറായി കണക്കി. 4.46 ട്രില്യൺ ഡോളറാണ് ജപ്പാന്റെ ജിഡിപി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. വരു വർഷങ്ങളിലും ഈ വേഗത നിലനിർത്താൻ ഇന്ത്യൻ സാമ്പത്തിക രംഗം സജ്ജമാണെന്നും പറയുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തും. 2030 ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക അമിത തീരുവ ചുമത്തിയതിനെത്തുടർന്നുണ്ടായ ആശങ്കകൾക്കിടയിലും ഇന്ത്യയുടെ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സർക്കാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam