ഇനി വിവാഹത്തിലൂടെ മാത്രം എളുപ്പത്തിൽ ഗ്രീൻ കാർഡ് ലഭിക്കില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസ് പൗരനെയോ പൗരയെയോ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള അർഹത നൽകുന്നുണ്ടെങ്കിലും, അത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമുണ്ടാകില്ല

ന്യൂയോർക്ക്: അമേരിക്കൻ പൗരത്വത്തിലേക്കുള്ള പ്രധാന ചവിട്ടുപടിയായി കണക്കാക്കപ്പെടുന്ന ഗ്രീൻ കാർഡ് അഥവാ സ്ഥിരതാമസത്തിനുള്ള അനുമതിയിലും കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ട്രംപ് ഭരണകൂടം. ഇനി വിവാഹത്തിലൂടെ മാത്രം എളുപ്പത്തിൽ ഗ്രീൻ കാർഡ് ലഭിക്കില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യു എസ് പൗരനെയോ പൗരയെയോ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള അർഹത നൽകുന്നുണ്ടെങ്കിലും, അത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ വ്യക്തമാക്കി. കുടിയേറ്റ ആനുകൂല്യങ്ങൾക്കായി മാത്രം നടത്തുന്ന വിവാഹങ്ങൾ തടയാൻ ട്രംപ് ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

വിവാഹം യഥാർത്ഥമാണോ

വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് അപേക്ഷകളിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയുള്ള പരിശോധനകളായിരിക്കും ഇനി നടത്തുക. വിവാഹം നിയമപരമാണോ എന്ന് മാത്രമല്ല, അത് യഥാർത്ഥമാണോ അതോ രേഖകളിൽ മാത്രമുള്ളതാണോ എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. അപേക്ഷകർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വിശ്വാസ്യതയും ബോധ്യപ്പെട്ടാൽ മാത്രമേ ഗ്രീൻ കാർഡ് അനുവദിക്കൂ. കുടിയേറ്റ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് പൗരത്വം നേടാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

വിവാഹിതരായ ശേഷം ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന കാര്യത്തിലായിരിക്കും ഉദ്യോഗസ്ഥർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലി സംബന്ധമായ കാരണങ്ങളാലോ പഠനത്തിനായോ സാമ്പത്തിക സാഹചര്യങ്ങൾ മൂലമോ അകന്നു താമസിക്കുന്നവർക്ക് ഗ്രീൻ കാർഡ് ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇത്തരം കാരണങ്ങളൊന്നും ഇമിഗ്രേഷൻ വിഭാഗം മുഖവിലയ്ക്കെടുക്കില്ലെന്നും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുകയെന്നും ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകി. നിയമപരമായ വിവാഹമെന്നാൽ ദമ്പതികൾ ഒരു മേൽക്കൂരയ്ക്ക് താഴെ താമസിക്കണമെന്നാണ് ഇമിഗ്രേഷൻ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നത്. ഒരുമിച്ചല്ലാതെ താമസിക്കുന്നത് വിവാഹ തട്ടിപ്പായി കണക്കാക്കി അപേക്ഷ നിരസിക്കാനും കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്. കുടിയേറ്റ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് മാത്രമാണോ വിവാഹം കഴിച്ചതെന്ന് നിർണ്ണയിക്കാൻ ദമ്പതികളുടെ മൊത്തത്തിലുള്ള ജീവിതരീതിയും ബന്ധവും പരിശോധിക്കും. ഗ്രീൻ കാർഡ് നേടാനുള്ള എളുപ്പവഴിയായി വിവാഹത്തെ കാണുന്നവർക്ക് പുതിയ കർശന നിബന്ധനകൾ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.