
ഇസ്ലാമാബാദ്: അമേരിക്കയുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ ശ്രമിച്ചത് പാകിസ്ഥാന് കനത്ത പ്രഹരമാകുന്നു. പാകിസ്ഥാന്‍റെ അമേരിക്കൻ അടുപ്പം ഇഷ്ടപ്പെടാത്ത ചൈന, പാകിസ്ഥാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. പാകിസ്താന്റെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറി. 60 ബില്യൺ ഡോളറിന്‍റെ (52 ലക്ഷം കോടി) ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി പി ഇ സി) പദ്ധതിയിൽ നിന്നാണ് ചൈനയുടെ പിന്മാറ്റം. പാകിസ്താൻ അമേരിക്കയുമായി കൂടുതൽ അടുക്കുന്നതും ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലവും ഈ തീരുമാനത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.
ചൈനയുടെ സിന്‍ജിയാങ് മേഖലയെ പാകിസ്താനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ അടിസ്ഥാന സൗകര്യ പദ്ധതി, ദക്ഷിണേഷ്യ, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും ചൈനയുടെ ഊർജ ഇറക്കുമതിക്ക് സഹായകമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇത് പാകിസ്ഥാൻ റെയിൽവേയുടെ അടിസ്ഥാന വികസനത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമായിരുന്ന പദ്ധതിയാണ്. ചൈന പിന്മാറിയതോടെ റെയിൽവേ വികസനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയുടെ പിന്മാറ്റത്തോടെ, ഈ പദ്ധതിക്ക് ധനസഹായം തേടി പാകിസ്താൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിനെ (എ ഡി ബി) സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. കറാച്ചിയിൽ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റർ റെയിൽ പാതയുടെ ഭാഗമായ കറാച്ചി - റോഹ്രി വിഭാഗത്തിന്റെ നവീകരണത്തിനായി 2 ബില്യൺ ഡോളറിന്റെ വായ്പയാണ് പാകിസ്താൻ തേടുന്നത്. ഈ പദ്ധതി പാകിസ്താന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് നിർണായകമാണ്, എന്നാൽ ചൈനയുടെ പിന്മാറ്റം പദ്ധതിയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam