പ്രകോപനത്തിന് ചൈന: അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ പണിത് താമസക്കാരെയും എത്തിച്ചു

By Web TeamFirst Published Dec 6, 2020, 9:47 PM IST
Highlights

ഗ്രാമങ്ങളുടെ ഉപഗ്രഹ ചിത്രം റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിട്ടുണ്ട്. പ്ലാനറ്റ് ലാബിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം 2020 ഫെബ്രുവരിവരെ ആള്‍താമസം ഇല്ലാതിരുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നവംബര്‍ മാസത്തോടെ കെട്ടിടങ്ങളും ആള്‍താമസവും ഉണ്ടായി വരുന്നത് വ്യക്തമാണ്.

ദില്ലി: ഇന്ത്യന്‍ ഭൂട്ടന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചൈന പ്രകോപനത്തിന് മുതിരുന്നു എന്ന സൂചനകള്‍ നല്‍കി റിപ്പോര്‍ട്ട്. അരുണാചല്‍ അതിര്‍ത്തിക്ക് സമീപം പുതിയ മൂന്ന് ഗ്രാമങ്ങള്‍ ചൈന സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡി ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന ഇടത്തിനു സമീപം ബും ലാ പാസിന് അടുത്തായാണ് ഗ്രാമങ്ങള്‍ എന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് പറയുന്നത്.

ഗ്രാമങ്ങളുടെ ഉപഗ്രഹ ചിത്രം റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിട്ടുണ്ട്. പ്ലാനറ്റ് ലാബിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം 2020 ഫെബ്രുവരിവരെ ആള്‍താമസം ഇല്ലാതിരുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നവംബര്‍ മാസത്തോടെ കെട്ടിടങ്ങളും ആള്‍താമസവും ഉണ്ടായി വരുന്നത് വ്യക്തമാണ്.
ഇന്ത്യ-ചൈന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനായാണ് ചൈന പുതിയ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ആദ്യ ഗ്രാമത്തില്‍ 20 കെട്ടിടങ്ങളും, രണ്ടാമത്തെ ഗ്രാമത്തില്‍ അന്‍പതോളം കെട്ടിടങ്ങളും, മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുമാണുള്ളതെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

നയതന്ത്ര വിദഗ്ധരുടെ അഭിപ്രായ പ്രകാരം പലപ്പോഴും അതിര്‍ത്തി തര്‍ക്കങ്ങളില്‍ ചൈന ഇത്തരം നീക്കങ്ങള്‍ പതിവായി നടത്താറുണ്ട്. ദക്ഷിണ ചൈന കടലിലെ പല ദ്വീപുകളിലും ചൈന അവകാശവാദം ഉന്നയിക്കുന്നത്. അവിടുത്തെ മത്സ്യ തൊഴിലാളികള്‍ക്കും മറ്റും ഇത്തരത്തിലുള്ള വാസസ്ഥലങ്ങള്‍ ഒരുക്കി അവരെ ഉപയോഗിച്ചാണ്. ഇതേ തന്ത്രമാണ് ഇന്ത്യന്‍ പട്രോള്‍ നടക്കുന്ന ഹിമാലയന്‍ മേഖലകളിലേക്ക് കടന്നുകയറാന്‍ ചൈന പ്രയോഗിക്കുന്നത്, ഇപ്പോള്‍ ഈ മൂന്ന് ഗ്രാമങ്ങള്‍ ചൈന സൃഷ്ടിച്ചുവെന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം -ചൈന നിരീക്ഷകമായ ഡോ.ബ്രഹ്മ ചെല്ല്യാനി പറയുന്നു.

ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണിതും പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി റോഡുകള്‍ നിര്‍മ്മിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന ശ്രമം നടത്തിവരികയാണ്.

click me!