
ബ്രസല്‍സ്: ഗേ, ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരായി രൂക്ഷമായ നിലപാടുകള്‍ സ്വീകരിച്ച യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം രാജിവച്ചു. ഇരുപത്തിയഞ്ചുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവം പുറത്തായതോടെയാണ് രാജി. ഹംഗറി പ്രധാനമന്ത്രി വിക്ടോര്‍ ഒര്‍ബന്‍റെ ഫിദേസ് പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗമായ ജോസഫ് സജേറാണ് രാജി വച്ചത്.
ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രഹസ്യമായി നടത്തിയ ലെസ്ബിയന്‍ ലൈംഗിക പാര്‍ട്ടിയേക്കുറിച്ച് ലഭിച്ച വിവരത്തേത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇരുപത്തിയഞ്ചുകാരനൊപ്പം പാര്‍ലമെന്‍റ് അംഗത്തെ പൊലീസ് പിടികൂടിയത്. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ വച്ച് കഴിഞ്ഞ ആഴ്ച നടന്ന സെക്സ് പാര്‍ട്ടിയില്‍ നടന്ന പൊലീസ് റെയ്ഡാണ് ജോസഫ് സജേറിന്‍റെ ഇരട്ടത്താപ്പ് പൊളിച്ചത്. ഫിദേസ് പാര്‍ട്ടിയിലെ തീവ്രവലതുപക്ഷ അനുഭാവിയാണ് ജോസഫ് സജേര്‍. ബ്രസല്‍സ് നഗരത്തിലെ ഗേ വിഭാഗക്കാരുടെ ബാറിലെ പാര്‍ട്ടിയേക്കുറിച്ച് മാധ്യമങ്ങളോടെ പ്രതികരിക്കാതെയാണ് രാജി പ്രഖ്യാപനം.
എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന് ജോസഫ് സജേര്‍ സമ്മതിച്ചു. വെള്ളിയാഴ്ച ബ്രസല്‍സ് നഗരത്തിലെ ഒരു അപാര്‍ട്ട്മെന്‍റിലെ ബഹളത്തേക്കുറിച്ച് അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഗേ സെക്സ് പാര്‍ട്ടി നടക്കുന്നത് കണ്ടെത്തിയത്. ഇരുപതിലധികം പേര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ രണ്ടുപേര്‍ ജനപ്രതിനിധികളാണെന്നാണ് ബ്രസല്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജോസഫ് സജേറിന്‍റെ ബാഗില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആ രാത്രിയില്‍ താന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ജോസഫ് സജേര്‍ പ്രതികരിക്കുന്നത്.
യാഥാസ്ഥിതിക ക്രിസ്ത്യന്‍ കാഴ്ചപ്പാടുകളാണ് ഫിദേസ് പാര്‍ട്ടി പിന്തുടരുന്നത്. വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമാണ് സാധ്യമായതെന്നും ഗേ, ലെസ്ബിയന്‍, ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് അവകാശങ്ങളില്ലെന്നുമുള്ള വാദക്കാരനായിരുന്നു ജോസഫ് സജേര്‍. 2004ല്‍ ഹംഗറി യൂറോപ്യന്‍ യൂണിയനില്‍ അംഗമായതു മുതല്‍ യൂറോപ്യന്‍ പാര്‍ലമെന്‍റിലെ അംഗമാണ് ജോസഫ് സജേര്‍. രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാണിച്ചാണ് ജോസഫ് സജേറിന്‍റെ രാജി. നഗ്നരായ ഇരുപത്തിയഞ്ചോളം പുരുഷന്മാര്‍ക്കൊപ്പമായിരുന്നു ജോസഫ് സജേറുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
2010 ഒര്‍ബര്‍ പ്രധാനമന്ത്രിയായതിന് പിന്നാലെ എല്‍ജിബിറ്റി വിഭാഗത്തിനുള്ള അവകാശങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. വിവാഹം സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്ന് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ മുന്‍പന്തിയില്‍ നിന്ന നേതാവാണ് സ്വവര്‍ഗ്ഗ സെക്സ് പാര്‍ട്ടിക്കിടെ പിടിയിലായി, പാര്‍ലമെന്‍റ് അംഗത്വം രാജി വയ്ക്കുന്നത്. കൊവിഡ് മാനദണ്ഡം തെറ്റിച്ചതില്‍ ഖേദമുണ്ടെന്നും കുടുംബവും വോട്ടര്‍മാരും ക്ഷമിക്കണമെന്നും അപേക്ഷിച്ച ശേഷമാണ് ജോസഫ് സജേറിന്‍റെ രാജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam