ചൈന ഇനി പാകിസ്ഥാനില്‍ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യും

By Web TeamFirst Published Oct 4, 2022, 4:38 PM IST
Highlights

അഫ്ഗാനിസ്ഥാനിൽ മൃഗങ്ങൾക്ക് താരതമ്യേന വില കുറവായതിനാൽ പാകിസ്ഥാന് അവിടെ നിന്ന് ഇറക്കുമതി ചെയ്യാമെന്നും തുടർന്ന് ഇതേ ഇറച്ചി ചൈനയിലേക്ക് കയറ്റുമതി ചെയ്യാമെന്നും സമിതിയിലെ ഒരു അംഗം നിർദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെയും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ നിന്ന് കഴുതകളുടെയും നായ്ക്കളുടെയും മാംസം ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി ജിയോ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. 

പാക്കിസ്ഥാനിൽ നിന്ന് മാംസം കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ചൈനീസ് അംബാസഡറുമായി പലതവണ സംസാരിച്ചിരുന്നതായും സെനറ്റർ അബ്ദുൾ ഖാദർ, കമ്മിറ്റിയെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ മൃഗങ്ങൾക്ക് താരതമ്യേന വില കുറവായതിനാൽ പാകിസ്ഥാന് അവിടെ നിന്ന് ഇറക്കുമതി ചെയ്യാമെന്നും തുടർന്ന് ഇതേ ഇറച്ചി ചൈനയിലേക്ക് കയറ്റുമതി ചെയ്യാമെന്നും സമിതിയിലെ ഒരു അംഗം നിർദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാൽ, അഫ്ഗാനിസ്ഥാനില്‍ മൃഗങ്ങൾക്കിടയിൽ ത്വക്ക് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഇവിടെ നിന്നുള്ള മൃഗങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിരോധിച്ചതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. പരമ്പരാഗത ചൈനീസ് മരുന്നുകളായ "ഇജാവോ" അല്ലെങ്കിൽ കഴുത-ഹൈഡ് ജെലാറ്റിൻ നിർമ്മിക്കാൻ കഴുത മാംസം ആവശ്യമാണ്. ലോകത്തില്‍ കഴുതകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. പാകിസ്ഥാനില്‍ നിന്നും നേരത്തെയും ചൈനയിലേക്ക് മാംസ കയറ്റുമതിയുണ്ടായിരുന്നു. 

കഴിഞ്ഞ വർഷം, പഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയിൽ 3,000 ഏക്കറിൽ ഒരു കഴുത ഫാം പഞ്ചാബ് ഗവൺമെന്‍റ് സ്ഥാപിച്ചിരുന്നു. രാജ്യത്തിന്‍റെ തകര്‍ന്ന സാമ്പത്തിക നിലയെ കഴുത മാംസ വില്പനയിലൂടെ മറികടക്കാമെന്ന വിശ്വാസത്തിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ നൈജറിൽ നിന്നും ബുർക്കിന ഫാസോയിൽ നിന്നും ചൈന കഴുത മാംസം ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവയുടെ കയറ്റുമതി ഈ രാജ്യങ്ങള്‍ നിരോധിക്കുകയായിരുന്നു. 

click me!