
ദില്ലി: തായ്‌വാനിലേക്ക് അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം ഏതാണ്ട് ഉറപ്പായതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി നടത്തിയ ട്വീറ്റുകള്‍ ഈ വിഷയത്തിലെ ചൈനീസ് നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചൈനീസ് എംബസി വക്താവിന്‍റെ ട്വീറ്റില്‍ സ്വാതന്ത്ര തായ്‍വാന്‍ എന്ന രീതിയില്‍ വരുന്ന ഒരു ശക്തിക്കും ചൈന ഇടം നല്‍കില്ലെന്നുള്ള പ്രഖ്യാപനമാണുള്ളത്.
ചൈന - യുഎസ് ബന്ധത്തിന്‍റെ രാഷ്ട്രീയ അടിത്തറ ഏക ചൈന തത്വമാണ്. “സ്വതന്ത്ര തായ്‌വാൻ ”എന്നതിലേക്കുള്ള ഒരു വിഘടനവാദ നീക്കങ്ങളെയും ബാഹ്യശക്തികളുടെ ഇടപെടലിനെയും ചൈന അംഗീകരിക്കില്ല. മാത്രമല്ല “തായ്‌വാൻ സ്വാതന്ത്ര്യ” ശക്തികൾക്ക് ഏത് രൂപത്തിലും ഇടം നൽകില്ലെന്നും ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ ട്വിറ്ററില്‍ കുറിച്ചു.
സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് സമമാണ്. തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും ഈ സന്ദര്‍ശനം വലിയ ഭീഷണിയാകും. ചൈന - യുഎസ് ബന്ധങ്ങളെ ദുർബലപ്പെടുത്തുകയും വളരെ ഗുരുതരമായ സാഹചര്യത്തിലേക്കും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും ഇത് നയിക്കുകയും ചെയ്യും.
പൊതു അഭിപ്രായത്തെ ധിക്കരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. തീയുമായി കളിക്കുന്നവർ അതിൽ എരിഞ്ഞുതീരും. സന്ദർശനം നടത്താൻ യുഎസ് തയ്യാറാകുകയാണെങ്കില്‍ ചൈനയ്ക്ക് ദൃഢമായ പ്രതിരോധ നടപടികളിലേക്ക് കടക്കേണ്ടി വരും. അതിന്റെ അനന്തരഫലങ്ങളെല്ലാം അമേരിക്ക സഹിക്കേണ്ടി വരും. ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍റെ ട്വീറ്റ് പറയുന്നു.
ബൈഡന് മുന്നറിയിപ്പുമായി ചൈന
തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. തായ്വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ജോ ബൈഡനോട് ഷി ജിൻപിംഗ് എടുത്തുപറഞ്ഞു.
'തായ്‌വാൻ കടലിടുക്കിന്‍റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണം' ഷി, ബൈഡനോട് സൂചിപ്പിച്ചുവെന്നാണ് വിവരം. 'തായ്‌വാൻ സ്വാതന്ത്ര്യസേന' എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ഇടപെടലിനും ഇവിടെ സാധ്യതയില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി പറഞ്ഞു.
എന്നാല്‍ തായ്വാന്‍ സംബന്ധിച്ച യുഎസ് മാറിയിട്ടില്ലെന്നും തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകർക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിർക്കുന്നുവെന്നും പ്രസിഡന്റ് ബൈഡൻ ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചുവെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനം
അതേ സമയം ചൈനീസ് ഭീഷണിയില്‍ വഴങ്ങാതെ പെലോസിയുടെ സന്ദര്‍ശനം ഉറപ്പാണ് എന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. 1997 ന് ശേഷം ഒരു സിറ്റിംഗ് യുഎസ് ഹൗസ് സ്പീക്കർ തായ്‌വാനിലേക്കുള്ള ആദ്യ സന്ദർശനമാണിത്.
അതേസമയം മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പെലോസിയുടെ സന്ദർശനം, സ്ഥിരീകരിക്കാത്തതില്‍ പ്രസിഡന്റ് ജോ ബൈഡനും സര്‍ക്കാറിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചൈനയ്ക്ക് തങ്ങളുടെ വിലക്കുകള്‍ മറികടന്ന് പ്രതികരിക്കാന്‍ ഇത് അവസരം നല്‍കുമോ എന്ന ആശങ്ക യുഎസിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തായ്വാന്‍റെ സ്വാതന്ത്ര്യത്തിനായി അവരെ പിന്തുണയ്ക്കാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറാകേണ്ടത് പ്രധാനമാണെന്ന് പെലോസി കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ചൈനയുടെ മുന്നറിയിപ്പുകൾ പെലോസിക്ക് സന്ദര്‍ശനവുമായി മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയുടെ കടുത്ത വിമര്‍ശകയാണ് നാൻസി പെലോസി. 1991 ല്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ 1988 ലെ ചൈനീസ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായവര്‍ക്ക് ടിയാനൻമെൻ സ്‌ക്വയറിൽ വച്ച് ആദരവ് അര്‍പ്പിച്ച് ബാനര്‍ ഉയര്‍ത്തിയ ചരിത്രമുണ്ട് അവര്‍ക്ക്. അന്ന് ചൈന രൂക്ഷമായാണ് പ്രതികരിച്ചത്.
എന്തുകൊണ്ട് ദേശീയപതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു?; വിശദീകരണവുമായി കേന്ദ്രമന്ത്രി
ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്; ആശങ്കയറിയിച്ച് ഇന്ത്യ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam