
കാബൂൾ: ഇറാൻ-അഫ്ഗാൻ അതിർത്തിയിൽ (Afghan-Iran Border) താലിബാൻ (Taliban) സൈനികരും ഇറാൻ സൈനികരും ഏറ്റുമുട്ടി (Clash). ഒരു താലിബാൻ സൈനികൻ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാൻ സൈനികരിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തെന്നും ഏറ്റുമുട്ടലിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും തെക്കൻ അഫ്ഗാൻ പ്രവിശ്യയായ നിംറോസിന്റെ പൊലീസ് വക്താവ് ബഹ്‌റാം ഹഖ്മൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിച്ചെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഇറാൻ അതിർത്തി പ്രദേശമായ ഹിർമന്ദിലെ ഗവർണർ മെയ്സം ബരാസന്ദയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന്റേതല്ലാത്ത പ്രദേശത്ത് താലിബാൻ സേന പതാക ഉയർത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ നിമ്രുസ് പ്രവിശ്യയിൽ നിന്ന് അതിർത്തിക്കപ്പുറത്തേക്കുള്ള വീടുകൾക്ക് നേരെ താലിബാൻ വെടിയുതിർത്തതായി വാർത്താ ഏജൻസി വ്യക്തമാക്കി. അതേ സമയം അഫ്ഗാൻ ഭാഗത്തെ ആളുകൾ ഏറ്റുമുട്ടൽ രൂക്ഷമായപ്പോൾ വീടുകൾ ഉപേക്ഷിച്ച് ഓടിപ്പോയതായി പ്രാദേശിക വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
'മുതിർന്നവരിൽ ലൈംഗിക ആഗ്രഹം ഉണർത്തും'; കൗമാരക്കാരായ ആൺകുട്ടികളെ ജിമ്മിൽ വിലക്കി താലിബാൻ
അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതിനുശേഷം അതിർത്തിയിൽ താലിബാൻ സൈന്യവും ഇറാൻ സൈന്യവും കിഴക്ക് പാകിസ്ഥാൻ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ പതിവായിരിക്കുകയാണ്. കൃഷിയിടം, വെള്ളം കള്ളക്കടത്ത് തുടങ്ങിയ പ്രാദേശിക പ്രശ്‌നങ്ങളെച്ചൊല്ലിയാണ് പലപ്പോഴും ഏറ്റുമുട്ടൽ നടക്കാറുള്ളത്.
താലിബാൻ അധികാരത്തിലേറിയ ശേഷം ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. ഷിയാ വിഭാഗങ്ങളുടെ പള്ളികൾക്കുനേരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുനേരയും ആക്രമണങ്ങളുണ്ടായി. ഐഎസ് ഖൊറാസാൻ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് താലിബാൻ പറയുന്നത്. അതിനിടെ താലിബാൻ വിരുദ്ധ വിഭാഗമായ പഞ്ച്ശീർ വിഭാഗവും ശക്തിപ്രാപിക്കുന്നുണ്ട്.