ഷാങ് സാൻ-ന് നാല് വർഷം കൂടി തടവ് ശിക്ഷ; കൊവിഡിന്റെ തുടക്കം റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തക വീണ്ടും ജയിലിൽ

Published : Sep 21, 2025, 11:59 PM IST
Chinese journalist Zhang Zhan

Synopsis

കൊവിഡ്-19 വ്യാപനത്തിന്റെ ആദ്യഘട്ടത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന് ജയിലിലടച്ച ചൈനീസ് മാധ്യമപ്രവർത്തക ഷാങ് സാൻ-ന് നാല് വർഷം കൂടി തടവ് ശിക്ഷ. കലഹമുണ്ടാക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു' എന്ന കുറ്റം ചുമത്തിയാണ് അവരെ വീണ്ടും തടവിലിട്ടത്.

ബെയ്ജിങ്: കൊവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന് ജയിലിലടച്ച ചൈനീസ് മാധ്യമപ്രവർത്തക ഷാങ് സാൻ-ന് (42) നാല് വർഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി. ചൈനയിൽ 'കലഹമുണ്ടാക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു' എന്ന കുറ്റം ചുമത്തിയാണ് അവരെ വീണ്ടും തടവിലിട്ടതെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറയുന്നു.

ശിക്ഷയും കേസിന്റെ വിവരങ്ങളും

2020 ഡിസംബറിലാണ് ഷാങ് സാനെ ഇതേ കുറ്റം ചുമത്തി നാല് വർഷത്തേക്ക് തടവിലാക്കിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ അതിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ നിന്ന് അവർ നേരിട്ടുള്ള റിപ്പോർട്ടുകൾ, പ്രത്യേകിച്ച് ആശുപത്രികളിലെ തിരക്കിന്റെയും ഒഴിഞ്ഞ തെരുവുകളുടെയും വീഡിയോകൾ, പോസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക വിവരങ്ങളിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് ഈ റിപ്പോർട്ടുകൾ നൽകിയത്. "താൻ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് വേട്ടയാടപ്പെടുകയാണെന്ന്" ഷാങ് പറഞ്ഞതായി അവരുടെ മുൻ അഭിഭാഷകൻ പറഞ്ഞിരുന്നു.

ജയിൽവാസം, റിലീസ്, വീണ്ടും അറസ്റ്റ്

ജയിലിലടച്ചതിന് പിന്നാലെ ഷാങ് സാൻ നിരാഹാര സമരം നടത്തിയിരുന്നു. തുടർന്ന് പോലീസ് കൈകൾ ബന്ധിക്കുകയും ട്യൂബിലൂടെ ബലംപ്രയോഗിച്ച് ഭക്ഷണം നൽകുകയും ചെയ്തു. 2024 മെയ് മാസത്തിൽ ജയിൽ മോചിതയായെങ്കിലും മൂന്ന് മാസത്തിന് ശേഷം അവരെ വീണ്ടും തടവിലാക്കി. തുടർന്ന് ഷാങ്ഹായിലെ പുഡോംഗ് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഷാങ് നടത്തിയ റിപ്പോർട്ടിംഗാണ് പുതിയ ശിക്ഷയ്ക്ക് കാരണമെന്ന് ആർഎസ്എഫ് പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സംഘടനകളുടെ പ്രതികരണം

ഷാങ് സാനെതിരായ പുതിയ ശിക്ഷയെ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സംഘടനകൾ ശക്തമായി അപലപിച്ചു. "അവർ വിവരങ്ങളുടെ നായികയായി' ലോകമെമ്പാടും ആദരിക്കപ്പെടേണ്ട വ്യക്തിയാണ്, എന്നാൽ ക്രൂരമായ ജയിൽ വാസമാണ് അവര്‍ക്ക് ലഭിച്ചത് എന്ന് ആർ.എസ്.എഫ്. ഏഷ്യ-പസഫിക് അഡ്വക്കസി മാനേജർ അലക്സാന്ദ്ര ബിയേലാകോവ്സ്ക പറഞ്ഞു. "അവർക്കെതിരായ പീഡനം അവസാനിപ്പിക്കണം. അവരെ ഉടനടി മോചിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ബെയ്ജിംഗിന് മേൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യമാണ്," എന്നും അവർ കൂട്ടിച്ചേർത്തു.

ചൈനയിൽ കുറഞ്ഞത് 124 മാധ്യമപ്രവർത്തകരെങ്കിലും തടവിലുണ്ടെന്നും മാധ്യമപ്രവർത്തകർക്കായി ലോകത്തിലെ ഏറ്റവും വലിയ തടവറ ചൈനയിലാണെന്നും ആർ.എസ്.എഫ്. ആരോപിച്ചു. 2025-ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 178-ാം സ്ഥാനത്താണ് ചൈന. ഷാങ് സാൻ-ന്റെ ഏറ്റവും പുതിയ ശിക്ഷയ്ക്ക് ഒരാഴ്ച മുമ്പ്, പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകുന്ന ഒരു ബില്ല് ചൈനീസ് നിയമനിർമ്മാതാക്കൾ പാസാക്കിയിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്