
ബീജിങ്: യുക്രേനിയൻ യുവാവുമായി ബന്ധം പുലർത്തിയതിന് ചൈനീസ് വിദ്യാർഥിയെ കോളേജിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. വിദേശിയുമായി അനുചിതമായ ബന്ധം പുലർത്തിയതിനും ദേശീയ അന്തസ്സിന് കോട്ടം വരുത്തിയതിനും ചൈനീസ് വിദ്യാർത്ഥിനിയെ പുറത്താക്കിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വീഡിയോ ഗെയിമർ ആണെന്ന് പറയപ്പെടുന്ന ഉക്രേനിയൻ പുരുഷനുമായി വിദ്യാർത്ഥിനി അടുപ്പത്തിലായിരുന്നെന്ന് സൂചിപ്പിക്കുന്ന വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് കോളേജിന്റെ തീരുമാനം. വടക്കുകിഴക്കൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ഡാലിയൻ പോളിടെക്നിക് സർവകലാശാലയാണ് വിദ്യാർഥിയെ പുറത്താക്കിയത്.
വിദ്യാർത്ഥിനിയുടെ മുഴുവൻ പേരും പുറത്താക്കലിനുള്ള കാരണങ്ങളും വിശദീകരിച്ചുകൊണ്ട് പ്രസ്താവനയും പുറത്തിറക്കി. സർവകലാശാലയുടെ നീക്കം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചകൾക്ക് തുടക്കമിട്ടു. ചൈനീസ് യുവതികൾ വിദേശികളോട് അമിതമായി ആകൃഷ്ടരാണെന്ന് ആരോപിച്ച് ചിലർ സർവകലാശാലയുടെ തീരുമാനത്തെ പിന്തുണച്ചുയ എന്നാൽ, പുറത്താക്കിയ നടപടി വിവേചനപരമാണെന്ന് ചിലർ അപലപിച്ചു. വിദ്യാർത്ഥിയെ പരസ്യമായി അപമാനിക്കുകയും സ്വകാര്യത പരസ്യപ്പെടുത്തുകയും ചെയ്തതിന് സർവകലാശാല രൂക്ഷമായ വിമർശനം നേരിട്ടു.
ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗ വിവേചനം, വ്യക്തിസ്വാതന്ത്ര്യം, സ്ഥാപനപരമായ അതിരുകടക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കും ഈ വിവാദം തുടക്കമിട്ടു. ഡിസംബർ 16ന് നടന്ന സംഭവത്തിൽ വിദ്യാർത്ഥിയുടെ പെരുമാറ്റം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചവെന്ന് സർവകലാശാല പറഞ്ഞു.