
ടെഹ്റാൻ: ഇസ്രായേലിനും അമേരിക്കക്കുമെതിരെ കടുത്ത പരാമർശവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം ഇറാനിയൻ ഭരണകൂടത്തിന് എതിരാളികൾക്ക് നൽകാൻ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ചങ്ങലയിലെ നായ എന്നാണ് ഖമനേയി ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ ഒരു കാൻസർ ട്യൂമറാണെനമ്നും അമേരിക്കയ്ക്കും ബെഞ്ചമിൻ നെതന്യാഹുവിനുമെതിരായ പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായേലിന്റെ ആക്രമണങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സംവിധാനത്തെ ദുർബലപ്പെടുത്താനും തകർക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഖമനേയി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ ചില വ്യക്തികളെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ലക്ഷ്യം രാജ്യത്തെ ദുർബലപ്പെടുത്തുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് അമേരിക്ക കൂട്ടാളിയാണെന്നും വീണ്ടും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ഇറാൻ സന്നദ്ധമാണെന്നും ഖമനേയി സൂചന നൽകി. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം എതിരാളികൾക്ക് നൽകാൻ ഇറാന് കഴിയും. ഏത് പുതിയ സൈനിക ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്നും സുപ്രീം ലീഡർ പറഞ്ഞു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നൽകുന്നിടത്തോളം നയതന്ത്രത്തിന് തയ്യാറാണെന്നും ഇറാൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam