വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘവും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു സംഘത്തിന്‍റെ തലവന്‍. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വത്തിക്കാന്‍റെ ചുമതലയുള്ള ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ടിഎൻ പ്രതാപൻ എംപി അടക്കമുള്ളവരാണ് ഉണ്ടായിരുന്നത്. വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങൾ, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങൾ, വൈദികർ, അൽമായർ തുടങ്ങി കേരളത്തിൽ നിന്നെത്തിയ നിരവധി വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.
എളിമയുടെയും കരുണയുടെയും നന്മയുടെയും പ്രതീകമായിരുന്ന അഞ്ച് പുണ്യജീവിതങ്ങള്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് ഇന്ത്യന്‍ സംഘം. വിശുദ്ധ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ച ക്രിസ്റ്റഫറും ചടങ്ങുകളിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു. വിശുദ്ധപ്രഖ്യാപനത്തിൽ മലയാളത്തിലുള്ള പ്രാർത്ഥനയും ഗാനാർച്ചനയുമുണ്ടായി. വിശ്വാസികൾക്കുള്ള പ്രാർത്ഥന ചൊല്ലിയത് മലയാളിയായ ധന്യ തെരേസ് ആയിരുന്നു. ചടങ്ങുകൾക്ക് മുമ്പ് വി മുരളീധരൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശുദ്ധ അനസ്താസിയയുടെ ബസലിക്കയിൽ നാളെ നടക്കുന്ന കൃതജ്ഞതാ ബലിയിലും മലയാളികൾ പങ്കെടുക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും കൃതജ്ഞതാബലിയർപ്പിക്കുക.
മറിയം ത്രേസ്യ, ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരെയാണ് മാര്‍പാപ്പ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്. ചിഹ്നവും അംശവടിയും പിടിച്ചുകൊണ്ട് ഇരുന്നുകൊണ്ടാണ് അഞ്ചുപേരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. വളരെ സുദീര്‍ഘമായ ചടങ്ങുകള്‍ക്കാണ് ഇന്ന് വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. രാവിലെ മുതല്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ പങ്കെടുക്കാന്‍ വിശ്വാസികളായ നിരവധി പേരാണ് എത്തിയിരുന്നത്.
മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിശുദ്ധ പ്രഖ്യാപനം കേള്‍ക്കുവാനും നടപടികള്‍ കാണാനും മാര്‍പാപ്പയെ ശ്രവിക്കാനുമായി ബസലിക്കയില്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന ശ്രുശ്രൂഷയില്‍, ദിവ്യബലിയുടെ മധ്യേ അഞ്ച് വിശുദ്ധരുടെയും പേരുകളും ലത്തീനില്‍ പറഞ്ഞിരുന്നു. ബൈബിള്‍ വായിച്ച് വിശ്വാസികള്‍ക്ക് മാര്‍പാപ്പ സന്ദേശം നല്‍കുകയും ചെയ്തു. വിശ്വാസത്തിന്‍റെ യാത്രയില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. ദൈവത്തോട് ആവശ്യപ്പെടാനും, ദൈവം പറയുന്നത് പോലെ കൂടെ നടക്കാനും, നന്ദി പറയാനുമാണ് മാര്‍പാപ്പ പറഞ്ഞത്. പല ഭാഷകളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. ലോകത്തിന്‍റെ പല ഭാഗത്തുനിന്ന് അഭയാര്‍ത്ഥികളായി പോകേണ്ടി വന്നവെര മാര്‍പാപ്പാ ഓര്‍മ്മിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam