
നിരവധി വിശ്വാസികളെ സാക്ഷിയാക്കി ഇന്ന് അഞ്ച് പുണ്യജീവിതങ്ങള്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ന്നു. കേരളത്തിലെ വിശ്വാസ സമൂഹത്തിന് അഭിമാനകരമായി മദര്‍ മറിയം ത്രേസ്യയയും ഒപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരുമാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. വളരെ സാധാരണ കുടുംബങ്ങളില്‍ ജനിച്ച് ജീവിതത്തിലുടനീളം എളിമയും കാരുണ്യവും നന്മയും പ്രകാശിപ്പിച്ച് ദൈവത്തോട് അടുത്ത് ജീവിച്ച ആ ജീവിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.
1. വിശുദ്ധ മറിയം ത്രേസ്യ
1876 ഏപ്രില്‍ 26 -ന് തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ ചിറമ്മേല്‍ മങ്കിടിയാന്‍ തോമായുടേയും താണ്ടയുടേയും മൂന്നാമത്തെ മകളായിട്ടാണ് ത്രേസ്യയുടെ ജനനം. പുണ്യാളത്തി എന്ന് കുട്ടിക്കാലത്ത് തന്നെ ഇരട്ടപ്പേരായി വിളിക്കപ്പെട്ടവളായിരുന്നു ത്രേസ്യ. ചെറുപ്പത്തിലേ തന്നെ വല്ലാത്ത ഭക്തയായിരുന്നു ത്രേസ്യ. കുര്‍ബാന സ്വീകരിക്കണമെന്ന ശക്തമായ ആഗ്രഹത്താല്‍ അന്ന് ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാള്‍ മൂന്ന് വര്‍ഷം മുമ്പേ ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്നു. 1902 -ല്‍ മാര്‍ച്ച് മാസത്തില്‍ പുത്തന്‍ചിറ പള്ളിയില്‍ നടന്ന ധ്യാനത്തില്‍ മാള പള്ളിവികാരി ഫാ. ജോസഫ് വിതയത്തിനോട് തന്‍റെ ആത്മീയ ജീവിതത്തെക്കുറിച്ച് മറിയം ത്രേസ്യ തുറന്നുപറയുകയായിരുന്നു. 1914 -മേയ് 13 -ന് ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ എന്നറിയപ്പെട്ട തിരുക്കുടുംബ സന്യാസസഭ പിറവിയെടുക്കുന്നു. ത്രേസ്യ, മറിയം ത്രേസ്യയാവുകയും സഭാവസ്ത്രം സ്വീകരിക്കുകയും ആയിരുന്നു.
2. വിശുദ്ധ ഹെന്‍റി ന്യൂമാന്‍
1801ല്‍ ലണ്ടനില്‍ ജനിച്ച കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയിലെ വൈദികനായിരുന്നു. 1845 ലാണ് ഹെന്‍റി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 1879 ല്‍ ലിയോ 13 -ാമന്‍ പാപ്പായാണ് ഹെന്‍റിയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 1890 ല്‍ അന്തരിച്ച ഹെന്‍റി ന്യൂമാനെ 2016 ലാണ് വാഴ്ത്തപ്പെട്ടവുരെട പദവിയിലേക്ക് ഉയര്‍ത്തിയത്. കേരളത്തിലെ ക്രൈസ്തവരുടെ അന്തിമോപചാര ശുശ്രൂഷഗാനമായ നിത്യമാം പ്രകാശമേ, നയിക്കുകെന്നെ നീ എന്ന കവിത കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍റേതാണ്.
3. വിശുദ്ധ ജുസെപ്പീന വന്നീനി
1859 ല്‍ റോമിലാണ് സിസ്റ്റര്‍ ജുസെപ്പീന വന്നീനിയുടെ ജനനം. രോഗീപരിചരണത്തില്‍ ചെറുപ്പം മുതലേ ജുസെപ്പീന വന്നീനി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശുദ്ധ കമലിസിന്‍റെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. 1911 ല്‍ റോമില്‍ വച്ച് സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യവേ ജുസെപ്പീന അന്തരിക്കുകയായിരുന്നു. ജോണ്‍പോള്‍ രണ്ടാന്‍ മാര്‍പാപ്പ 1944 ല്‍ ജുസെപ്പീന വന്നീനിയെ വാഴത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.
4. വിശുദ്ധ ഡൂള്‍ചെ ലോപെസ് പോന്തെസ്
1914 ല്‍ സ്പെയിനില്‍ ജനിച്ച ഡൂള്‍പെയെ പാവങ്ങളുടെ അമ്മയെന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ദൈവമാതാവും അമലോത്ഭവയുമായ കന്യകനാഥയുടെ സന്ന്യാസിനീ സമൂഹത്തിലായിരുന്നു സിസ്റ്റര്‍. ഈ സ്ത്രീരത്നം മാനവികതയ്ക്കൊരു മാതൃകയാണെന്നായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവെ പറഞ്ഞത്
5. വിശുദ്ധ മാര്‍ഗ്രറ്റ് ബെയ്സ്
1815 ലെ സ്വിറ്റസര്‍ലണ്ടിലെ ഫ്രൈബൂര്‍ഗിലാണ് വിശുദ്ധ മാര്‍ഗ്രറ്റ് ബെയ്സിന്‍റെ ജനനം. സഹനങ്ങളെ ജീവിതത്തില്‍ ക്ഷമയോടെ ഏറ്റവുങ്ങിയ വ്യക്തിയായിരുന്നു മാര്‍ഗ്രറ്റ് ബെയ്സ്. മതബോധനം, ദേവാലയശുശ്രൂഷ തുടങ്ങിയവയില്‍ തീക്ഷണമതിയായിരുന്നു മാര്‍ഗ്രറ്റ് ബെയ്‍സ്. 1879 ല്‍ അന്തരിച്ച മാര്‍ഗ്രറ്റ് ബെയ്സിനെ 1995 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam