അതിപ്പോഴും ഹിമാലയത്തിൽ എവിടെയോ ഉണ്ട്! 60 വർഷം മുമ്പ് സിഐഎ വിട്ടുപോയ ആണവ ഉപകരണം, അകത്ത് നാഗസാക്കിയയിൽ പ്രയോഗിച്ച പ്ലൂട്ടോണിയത്തിന്റെ മൂന്നിലൊന്ന്

Published : Dec 15, 2025, 11:17 PM IST
The Himalaya

Synopsis

1965-ൽ സിഐഎയും ഇന്ത്യയും ചേർന്ന് ചൈനയെ നിരീക്ഷിക്കാൻ നന്ദാദേവി പർവതത്തിൽ ഒരു ആണവ ഉപകരണം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ, ഹിമക്കാറ്റിനെ തുടർന്ന് ഉപേക്ഷിച്ച ഈ പ്ലൂട്ടോണിയം അടങ്ങിയ ഉപകരണം പിന്നീട് ഒരു മഞ്ഞിടിച്ചിലിൽ നഷ്ടപ്പെട്ടു.  

ദില്ലി: ശീതയുദ്ധത്തിൻ്റെ മൂർദ്ധന്യത്തിൽ, 1965-ൽ അമേരിക്കൻ ചാരസംഘടനയായ സിഐഎയും ഇന്ത്യൻ അധികൃതരും ചേർന്ന് നടത്തിയ ഒരു രഹസ്യ ദൗത്യത്തിനിടെ ഹിമാലയത്തിലെ നന്ദാദേവി പർവതത്തിൽ ഒരു ആണവ ഉപകരണം നഷ്ടപ്പെട്ടു. നാഗസാക്കിയിൽ ഉപയോഗിച്ച ബോംബിലെ പ്ലൂട്ടോണിയത്തിൻ്റെ മൂന്നിലൊന്ന് ഭാഗം അടങ്ങിയ ഈ ഉപകരണം, ആറു പതിറ്റാണ്ടുകൾക്കിപ്പുറവും എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

അന്ന് ചൈന അണുബോംബ് പരീക്ഷിച്ചതിന് പിന്നാലെ, അവരുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുക എന്നതായിരുന്നു ദൗത്യത്തിൻ്റെ ലക്ഷ്യം. ചൈനീസ് അതിർത്തിക്ക് അഭിമുഖമായി നിൽക്കുന്ന നന്ദാദേവി പർവതത്തിൻ്റെ മുകളിൽ ആണവശക്തിയിൽ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ ആൻ്റിന സ്ഥാപിക്കാനാണ് സിഐഎ പദ്ധതിയിട്ടത്. യുഎസ് വ്യോമസേന തലവൻ ജനറൽ കർട്ടിസ് ലേമേയുടെ ആശയമാണ് ദൗത്യത്തിന് പിന്നിൽ. പർവതാരോഹകനും നാഷണൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫറുമായ ബാരി ബിഷപ്പാണ് സിഐഎയ്ക്ക് വേണ്ടി പർവതാരോഹകരെ സംഘടിപ്പിച്ചത്. ഇത് 'സിക്കിം ശാസ്ത്രീയ പര്യവേഷണം' എന്ന പേരിൽ രഹസ്യമായി അവതരിപ്പിച്ചു.

പർവതാരോഹകർ ആൻ്റിന, കേബിളുകൾ, സ്നാപ്പ് 19-സി എന്ന 13 കിലോഗ്രാം ഭാരമുള്ള ജനറേറ്റർ എന്നിവയാണ് കൊണ്ടുപോയത്. ഈ ജനറേറ്ററിനുള്ളിലായിരുന്നു പ്ലൂട്ടോണിയം കാപ്സ്യൂളുകൾ. 1962-ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും നിശബ്ദമായി ഈ ദൗത്യത്തിൽ പങ്കുചേർന്നു. എന്നാൽ ദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ എംഎസ് കോഹ്ലിക്ക് ഈ ആശയത്തോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. 1965 സെപ്റ്റംബറിൽ ആരംഭിച്ച യാത്രയിൽ, പർവതാരോഹകർക്ക് ശരിയായ പരിശീലനം ലഭിച്ചിരുന്നില്ല. എങ്കിലും, പ്ലൂട്ടോണിയം അടങ്ങിയ റേഡിയോ ആക്ടീവ് ഇന്ധനം ചൂട് പുറത്തുവിട്ടത് കാരണം ഷെർപ്പകൾ അത് ചുമക്കാൻ മത്സരിച്ചിരുന്നതായി ക്യാപ്റ്റൻ കോഹ്ലി ഓർക്കുന്നു.

ടഒക്ടോബർ 16-ന് ശക്തമായ ഹിമക്കാറ്റ് വീശിയടിച്ചു. 'ഞങ്ങൾ 99 ശതമാനം മരിച്ച നിലയിലായിരുന്നു. ഒഴിഞ്ഞ വയറും, വെള്ളമോ ഭക്ഷണമോ ഇല്ലാതെ ഞങ്ങൾ തീർത്തും തളർന്നിരുന്നു,' ഇന്ത്യൻ പർവതാരോഹകരിൽ ഒരാളായ സോനം വാങ്യാൽ പറഞ്ഞു. ജീവൻ രക്ഷിക്കാൻ വേണ്ടി, അഡ്വാൻസ് ബേസ് ക്യാമ്പിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്ലി റേഡിയോയിലൂടെ ഉടനടി താഴേക്ക് വരാൻ നിർദ്ദേശം നൽകി, എന്നാൽ 'ഉപകരണങ്ങൾ സുരക്ഷിതമാക്കണം, താഴേക്ക് കൊണ്ടുവരേണ്ടതില്ല' എന്നും നിർദ്ദേശിച്ചു. ക്ലൈംബർമാർ നാലാം ക്യാമ്പിന് അടുത്തുള്ള മഞ്ഞുമൂടിയ ഒരു മുനമ്പിൽ ഉപകരണങ്ങൾ ഒളിപ്പിച്ച ശേഷം താഴേക്ക് ഇറങ്ങി രക്ഷപ്പെട്ടു.

അടുത്ത വർഷം, ഉപകരണം വീണ്ടെടുക്കാൻ ടീം വീണ്ടും നന്ദാദേവിയിൽ തിരിച്ചെത്തി. എന്നാൽ അത് അപ്രത്യക്ഷമായിരുന്നു. മഞ്ഞും പാറയും ഉപകരണങ്ങളുമടങ്ങിയ മുനമ്പ് മുഴുവനായും ഒരു മഞ്ഞിടിച്ചിൽ വിഴുങ്ങിയിരുന്നു. തുടർന്ന് റേഡിയേഷൻ ഡിറ്റക്ടറുകളും ഇൻഫ്രാറെഡ് സെൻസറുകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ടആ ഉപകരണം ചൂടുള്ളതായിരുന്നു, അത് അതിനുചുറ്റുമുള്ള മഞ്ഞ് ഉരുക്കി താഴേക്ക് താഴ്ന്നുപോയിരിക്കാം എന്നാണ് അമേരിക്കൻ പർവതാരോഹകൻ ജിം മക്കാർത്തി പറയുന്നത്.

ഈ ദൗത്യം പരാജയപ്പെടുകയും, സംഭവം 1978 വരെ രഹസ്യമായി തുടരുകയും ചെയ്തു. പിന്നീട് ഹോവാർഡ് കോൺ എന്ന റിപ്പോർട്ടർ 'ഔട്ട്‌സൈഡ്' മാസികയിൽ സംഭവം പ്രസിദ്ധീകരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. സിഐഎ നമ്മുടെ വെള്ളത്തിൽ വിഷം കലർത്തുന്നു' എന്നെഴുതിയ പ്ലക്കാർഡുകളുമായി ഇന്ത്യയിൽ പ്രതിഷേധവും ഉയര്‍ന്നു. പ്രസിഡൻ്റ് ജിമ്മി കാർട്ടറും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും ചേർന്ന് രഹസ്യമായി ഈ പ്രതിസന്ധി കൈകാര്യം ചെയ്തു. 'ഞാൻ അന്ന് ചെയ്തതുപോലെ ഈ ദൗത്യം ചെയ്യില്ലായിരുന്നു. സിഐഎ ഞങ്ങളെ ഇരുട്ടിൽ നിർത്തി. അവരുടെ പദ്ധതി വിഡ്ഢിത്തമായിരുന്നു, അവരുടെ പ്രവർത്തനങ്ങളും വിഡ്ഢിത്തമായിരുന്നു, അവരെ ഉപദേശിച്ചവർ വിഡ്ഢികളായിരുന്നു. അതിൽ ഞങ്ങളും അകപ്പെട്ടു', ഈ മുഴുവൻ കാര്യങ്ങളും എൻ്റെ ജീവിതത്തിലെ ഒരു ദുഃഖകരമായ അധ്യായമാണ് എന്നാണ് മരണത്തിന് മുമ്പ് ക്യാപ്റ്റൻ കോഹ്ലി പറഞ്ഞത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!