ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയും ബസിജ് കമാൻഡർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഖമനെയിക്ക് ശേഷം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വ്യക്തിയായിരുന്ന ലാറിജാനിയുടെ മരണം ഇറാന് കനത്ത തിരിച്ചടിയാണ്. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്.

ടെഹ്റാൻ: ഇറാൻ സുരക്ഷ കൌണ്‍സിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. പ്രതികാരം ചെയ്യുമെന്ന് ഐആർജിസി വ്യക്തമാക്കി. ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാറിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്.

'ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനുമായി ജീവിതകാലം മുഴുവൻ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു' എന്നാണ് സെക്യൂരിറ്റി കൌണ്‍സിലിനെ ഉദ്ധരിച്ച് മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയായിരുന്നു ലാറിജാനി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാറിജാനിയുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്.

1958-ല്‍ ഇറാഖിലെ നജാഫിലാണ് ലാറിജാനി ജനിച്ചത്. ഷാ ഭരണകൂടത്തിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ 1930-കളില്‍ ഇറാഖിലേക്ക് പലായനം ചെയ്തതാണ് കുടുംബം. ലാറിജാനി പിറന്ന് രണ്ടു വര്‍ഷത്തിനുശേഷം കുടുംബം ഇറാനിലേക്ക് മടങ്ങി. ഖോമിലെ മതപാഠശാലയില്‍ പ്രാഥമിക പഠനം. പിന്നീട് ടെഹ്റാനിലെ ആര്യമെഹര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. അതുകഴിഞ്ഞ് പാശ്ചാത്യ തത്വശാസ്ത്രത്തിലേക്ക് മാറി. വെസ്‌റ്റേണ്‍ ഫിലോസഫിയില്‍ പിഎച്ച്ഡിയും നേടിയ ശേഷമാണ് ലാറിജാനി ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സില്‍ ചേര്‍ന്നത്. പിന്നീട് ഇറാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി. മൂന്ന് തവണ സ്പീക്കറും സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവിയുമായി.

1979-ലെ വിപ്ലവത്തിലൂടെയാണ് ലാറിജാനി രാഷ്ട്രീയത്തിലേക്ക് വന്നത്. റെവല്യൂഷണറി ഗാര്‍ഡ്‌സ് അയിരുന്നു ആദ്യ തട്ടകം. 1989-ല്‍ സാംസ്‌കാരിക, ഇസ്ലാമിക മാര്‍ഗനിര്‍ദ്ദേശക മന്ത്രിയായി. 1994-ല്‍ മാധ്യമ വിഭാഗമായ ഐ.ആര്‍.ഐ.ബി ഡയറക്ടര്‍ ജനറലായി. ഇക്കാലത്താണ് പരമോന്നതനേതാവ് ഖമനെയിയുമായി കൂടുതല്‍ അടുത്തത്. 2005-ല്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ലാറിജാനിയെ സുരക്ഷാ കൗണ്‍സില്‍ തലവനായും മുഖ്യ ആണവ മധ്യസ്ഥനായും നിയമിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം ലാറിജാനി സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് നെജാദിന്റെ തീവ്ര നിലപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു കാരണം. 2008-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020 വരെ മൂന്ന് തവണ സ്പീക്കറായി. 2005-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍, വെറും 5.94% വോട്ട് നേടി ആറാം സ്ഥാനത്തായി. 2021-ലും 2024-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ഖമനെയി അത് വെട്ടി. ഇതോടെ, മുഖ്യധാരയില്‍നിന്ന് അല്‍പ്പം മാറിനിന്നെങ്കിലും 2024-ല്‍ മസൂദ് പെസെഷ്‌കിയാന്‍ ലാറിജാനിയെ വീണ്ടും സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചു.

2025 ഏപ്രിലില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മുറുകിയപ്പോള്‍ ലാറിജാനി ഒരു കടുത്ത പ്രഖ്യാപനം നടത്തി. ആക്രമണമാണ് മുന്നിലെങ്കില്‍ ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാവും. അത് വലിയ വിവാദങ്ങളുണ്ടാക്കി. രണ്ട് മാസത്തിന് ശേഷം ജൂണില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചു. ഈ വർഷം ട്രംപ് ആണവചര്‍ച്ച എന്ന നിര്‍ദേശം വെച്ചപ്പോൾ ചര്‍ച്ചകളെ ലാറിജാനി പിന്തുണച്ചു. മൂന്ന് തവണ ടർച്ച നടത്തിയെങ്കിലും കരാറിൽ എത്തിയില്ല. ഖമനെയി കൊല്ലപ്പെട്ടതിനു ശേഷം, ഇറാന്റെ തിരിച്ചടികളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു.