
വാഷിങ്ടൻ: അൽ ഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകൾ സിഐഎ വെള്ളിയാഴ്ച പരസ്യമാക്കിയിരുന്നു. ഈ രേഖകളിലാണ് ബിൻ ലാദൻ ഇന്ത്യയേയും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങളുള്ളത്. 1998 ഓഗസ്റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ആഗ്രഹിച്ചിരുന്നതായി പരാമർശമുള്ളത്.
1998 സെപ്റ്റംബറിലെ ഒരു റിപ്പോർട്ട് പ്രകാരം ബിൻ ലാദന്റെ പ്രധാന ലക്ഷ്യം വാഷിംഗ്ടണിൽ ആക്രമണം നടത്തുക എന്നതാണെന്നും, അൽ ഖ്വയ്ദ സ്ഫോടകവസ്തുക്കൾ നിറച്ച വിമാനം അമേരിക്കൻ നഗരത്തിലേക്ക് ഇടിച്ചുകയറ്റാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റണ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അൽ ഖ്വയ്ദയുടെ പട്ടികയിൽ ഉണ്ടായിരുന്നു. 1998 ഡിസംബറിലെ റിപ്പോർട്ടിൽ, ന്യൂയോർക്കിലെ ഒരു വിമാനത്താവളത്തിൽ തീവ്രവാദികൾ സുരക്ഷാ പരിശോധന മറികടന്ന് പരീക്ഷണം നടത്തിയതായും അൽ ഖ്വയ്ദ അംഗങ്ങൾക്ക് വിമാനം ഹൈജാക്ക് ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
1998 ഏപ്രിലിലെ രേഖ അനുസരിച്ച്, അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ അഥിതിയായി കഴിഞ്ഞിരുന്ന ബിൻ ലാദനെ കൈമാറാൻ താലിബാൻ വിസമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധകാലത്ത് ബിൻ ലാദൻ നൽകിയ സഹായങ്ങൾ കാരണം അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ താലിബാൻ മടിച്ചിരുന്നു. റേഡിയോ ആക്ടീവ് സാമഗ്രികൾ ഉപയോഗിച്ചുള്ള ബോംബുകൾ നിർമ്മിക്കാൻ ബിൻ ലാദൻ ശ്രമിച്ചിരുന്നതായും 1999 ജൂണിൽ അൽഖാഇദ ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. പ്രസിഡന്റിനായി തയ്യാറാക്കുന്ന ദിനംപ്രതിയുള്ള അതീവ രഹസ്യ വിവരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരസ്യപ്പെടുത്തലാണ് സിഐഎ നടത്തിയത്. വളരെ സുതാര്യമായ ഒരു നടപടിയാണിതെന്നാണ് സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam