
കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം നിമിത്തം മാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. വെള്ളത്തിലുള്ള അതീവ അപകടകാരിയായ ബാക്ടീരിയയുടെ തോത് വര്‍ധിപ്പിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. കുറഞ്ഞ ലവണാംശമോ ഉപ്പിന്റെ അംശമോ ഉള്ള ചെറുചൂടുള്ള വെള്ളത്തിലാണ് സാധാരണ ഗതിയില്‍ വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയെ കാണുന്നത്. അതിനാല്‍ തന്നെ സബ്ട്രോപിക്കല്‍ പ്രദേശങ്ങളില്‍ ഇത്തരം ബാക്ടീരിയകളെ കാണുന്നത് സാധാരണമാണ്. എന്നാല് അടുത്തിടെയായി മറ്റ് മേഖലകളിലും ബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനേ തുടര്‍ന്ന് നടത്തിയ പരിശോധനകളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. കടല്‍ തീരത്തോട് ചേര്‍ന്നുള് പ്രദേശങ്ങളിലെ ജലം ചൂട് പിടിക്കുന്നതിനേ തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ജലത്തിന്‍റെ താപനില ഉയരുന്നത് ലവണാംശത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഇതാണ് ബാക്ടീരിയ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത്. കാലാവസ്ഥയില്‍ വലിയ രീതിയിലുണ്ടാവുന്ന മാറ്റവും ജനസംഖ്യാ വളര്‍ച്ചയും മലിനീകരണവും ഇതിന് കാരണമാണ്. നിലവില്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും നൂറോളം സംഭവങ്ങളാണ് ഇങ്ങനെ ഉണ്ടാവുന്നത്. ഗള്‍ഫ് മേഖലകകളെ ഈ ബാക്ടീരിയ അണുബാധയുടെ ഹോട്ട് സ്പോട്ട് ആയാണ് വിലയിരുത്തുന്നത്.
1988നും 2018നും ഇടയിലുണ്ടായ അണുബാധയുടെ എണ്ണം പത്തില്‍ നിന്ന് 80ആയി ഉയര്‍ന്നിട്ടുണ്ട്. 2081 മുതല്‍ 2100 കേസുകള്‍ വരെയുള്ളത് ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ ഇരട്ടിയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദമാക്കുന്നത്. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മാംസം കാര്ന്ന് തിന്നുന്ന ബാക്ടീരീയയുടെ ആക്രമണം ഏറ്റവുമധികം ഉണ്ടാവാനുള്ള സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ ഏറ്റവും ചെറിയ പരിക്കിലൂടെ പോലും ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam