
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടെഹ്‌റാൻ സിറ്റി കൗൺസിൽ അംഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇസ്രയേലോ അമേരിക്കയോ ഇങ്ങനെയൊരു കാര്യം പറയുന്നില്ല. ഇറാൻ ഭരണകൂടവും ഇങ്ങനെയൊരു മരണം സംഭവിച്ചതായി വെളിപ്പെടുത്തയിട്ടില്ല. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്നവരുടെ പേര് വിവരങ്ങളും പുറത്തുവന്നിട്ടില്ല.
അതേസമയം പരമോന്നത നേതാവിൻ്റെ ബന്ധുക്കൾ കൊല്ലപ്പെടുകയാണെങ്കിൽ ഇറാനിൽ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയരും. ഇസ്രേയേലിൻ്റെ ആക്രമണത്തിൽ ഇറാനിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് കൃത്യമായ കണക്കുകളോ വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. അയത്തൊള്ള അലി ഖമനേയിയെയും പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാനെയും സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരമെങ്കിലും ഇറാനിലെ 24 പ്രവിശ്യകളിൽ നടന്ന ആക്രമണങ്ങളിൽ ഒറ്റ ദിവസം കൊണ്ട് 201 പേർ കൊല്ലപ്പെട്ടെന്നാണ് റെഡ് ക്രസൻ്റ് റിപ്പോർട്ട് ചെയ്യുന്നത്.
തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയും ഇസ്രായേലും വ്യക്തമാക്കിയത്. അയത്തൊള്ള അലി ഖമനെയിയുടെ ഔദ്യോഗിക വസതിയും പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ്റെ ഓഫീസും വിപ്ലവ സേനയുടെ താവളവും അടക്കം ആക്രമിക്കപ്പെട്ടതായാണ് ഇസ്രയേൽ പുറത്തുവിട്ട വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam