
കണ്ണൂർ: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ രാജ്യത്ത് കടന്നുകയറി അമേരിക്കൻ കമാൻഡോകൾ പിടികൂടിയതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, അമേരിക്കൻ അധിനിവേശത്തെ കടന്നാക്രമിക്കുകയും ചെയ്തു. വെനസ്വേലയുടെ പ്രസിഡന്‍റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്‍റെ അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി. എത്ര വലിയ തെമ്മാടിത്തം ആണ് ഇത്, എത്ര വലിയ കാടത്തം ആണ് ഇത്? അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു. ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്‌ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഇന്ത്യയുടെ ശബ്ദം എവിടെ എന്ന് ചോദിച്ച മുഖ്യമന്ത്രി, കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും കണ്ണൂരിലെ പരിപാടിയിൽ അഭിപ്രായപ്പെട്ടു. വേദിയിൽ വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യ പോസ്റ്ററും പതിപ്പിച്ചിരുന്നു.
അതേസമയം നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സംഘർഷങ്ങളിലും അതീവ ആശങ്ക ഇന്ത്യ രേഖപ്പെടുത്തി. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തെ വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെനസ്വേലയിലുള്ള ഇന്ത്യക്കാരോട് താമസസ്ഥലത്ത് തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam