
പ്യോങ്യാങ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ഉത്തര കൊറിയ. അമേരിക്കയുടേത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രസ്താവിച്ചു. വാഷിംഗ്ടണിന്‍റെ 'ക്രൂരവും കിരാതവുമായ സ്വഭാവമാണ്' ഇതിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഇത്തരം അധിനിവേശ നടപടികൾ അംഗീകരിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
പ്രതിഷേധം വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ, അമേരിക്കൻ നീക്കത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്താണ് പതിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജേ മ്യുങ് ചൈന സന്ദർശിക്കാനിരിക്കുന്ന വേളയിലാണ് ഈ മിസൈൽ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സഖ്യകക്ഷിയായ വെനിസ്വേലയിലെ ഭരണാധികാരിയെ അമേരിക്ക ഇത്തരത്തിൽ പിടികൂടിയത് കിം ജോങ് ഉൻ ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു ഭരണമാറ്റ നീക്കത്തെയും തങ്ങൾ ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ മിസൈൽ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ നൽകുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
സദ്ദാം ഹുസൈന്‍റെയും ഗദ്ദാഫിയുടെയും പാതയിൽ ഇപ്പോൾ നിക്കോളാസ് മഡുറോയും അമേരിക്കൻ പിടിയിലായതോടെ, ആണവായുധങ്ങൾ ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന ഉത്തര കൊറിയയുടെ വിശ്വാസം കൂടുതൽ ഉറച്ചിരിക്കുകയാണ്. വെനിസ്വേലയിലെ സൈനിക ഇടപെടൽ തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പ്യോങ്‌യാങ് കരുതുന്നു. ലാറ്റിൻ അമേരിക്കയിലെ ഈ പ്രക്ഷുബ്ധമായ സാഹചര്യം കൊറിയൻ ഉപദ്വീപിലും വൻതോതിലുള്ള സൈനിക വിന്യാസത്തിനും സംഘർഷാവസ്ഥയ്ക്കും വഴിതുറന്നിരിക്കുകയാണ്.
വിചാരണയ്ക്കായി മഡുറോയെ ന്യൂയോർക്കിലെ തടവറയിലേക്ക് മാറ്റിയ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഏഷ്യൻ മേഖലയിൽ പുതിയ സംഘർഷസാധ്യതകൾ തുറന്നുകൊണ്ട് ഉത്തര കൊറിയയുടെ ഈ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ മിസൈൽ പരീക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam