പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ലോകം അമേരിക്ക ഇറാൻ ചർച്ചയെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്ന് ഒമാൻ വിദേശകാര്യ മന്ത്രി
ടെഹ്റാൻ: ഇറാൻ - അമേരിക്ക ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ജനീവയിൽ തന്നെയാണ് ചർച്ച നടക്കുക. ചർച്ച നടന്നേക്കുമെന്ന് ആദ്യം പറഞ്ഞത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയാണ്. നയതന്ത്ര പരിഹാരം സാധ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് മൂന്നാം തവണയാണ് അമേരിക്കയും ഇറാനും ചർച്ച നടത്തുന്നത്. ഒരു ഭാഗത്ത് ചർച്ചയും മറുഭാഗത്ത് പടയൊരുക്കവും നടക്കുമ്പോൾ മൂന്നാം വട്ട ചർച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്.
രണ്ടാം വട്ട ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് ചർച്ചകൾ നടന്നത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെടുന്നത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്.
സമാധാനം പുലരുമോ?
അന്തിമ കരാറിൽ എന്താകും ഉണ്ടാവുക എന്നതിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെയ്ക്കാൻ ഇറാൻ തയ്യാറായേക്കുമെന്നും അതിനിടയിൽ ഒരു കണ്‍സോർഷ്യം രൂപീകരിച്ച് അതിന്‍റെ മേൽനോട്ടത്തിൽ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് നീങ്ങിയേക്കും എന്നുമാണ് ഒരു അഭ്യൂഹം. നിലവിലുള്ള യുറേനിയം ശേഖരം ആണവോർജ ഏജൻസിയുടെ കസ്റ്റഡിയിലേക്ക് കൈമാറണം എന്നാണ് അമേരിക്കയുടെ മറ്റൊരു ആവശ്യം. എന്നാൽ ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല.
ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിൽ ചർച്ചകൾ നീണ്ടുപോകാൻ മറ്റൊരു കാരണം. ഇക്കാര്യത്തിലടക്കം ധാരണയിൽ എത്താൻ കഴിയുമോ എന്നാണ് അറിയാനുള്ളത്. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി എണ്ണ വ്യാപാരത്തിലടക്കം ഇളവുകൾ നൽകിക്കൊണ്ടുള്ള നിലപാടിലേക്ക് ഇരുപക്ഷവും എത്തിയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. വ്യാഴാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം മാത്രമേ നയതന്ത്ര പരിഹാരമോ അതോ യുദ്ധമോ എന്ന് വ്യക്തമാവുകയുളളൂ.


