സ്ത്രീകളുടെ ലൈംഗികാനന്ദം നിഷേധിക്കുന്ന ക്രൂരതയ്ക്ക് അന്ത്യം; പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ

Published : Jun 16, 2026, 06:00 PM IST
female genital mutilation

Synopsis

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പൊള്ളിക്കുകയോ ചെയ്യുന്ന ക്രൂരമായ രീതിയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന് അറിയപ്പെടുന്നത്. സ്ത്രീകളുടെ ലൈംഗികാനന്ദം ഇല്ലാതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ബൊഗോട്ട: സ്ത്രീകളുടെ ലൈംഗികാനന്ദം നിഷേധിക്കുന്ന 'ചേലാകര്‍മ്മം' (Female Genital Mutilation - FGM) പൂര്‍ണ്ണമായി നിരോധിച്ച് കൊളംബിയ. ആദിവാസി വനിതാ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന് ഒടുവിലാണ് കൊളംബിയന്‍ പാര്‍ലമെന്റ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്. 'മുറിവുകളില്ലാത്ത പെണ്‍കുട്ടികള്‍' എന്ന സ്വപ്‌നം മുന്നോട്ടുവെക്കുന്ന ബില്‍ രണ്ട് വര്‍ഷത്തെ കഠിനശ്രമങ്ങള്‍ക്കൊടുവിലാണ് കൊളംബിയന്‍ സെനറ്റ് ഐകകണ്‌ഠ്യേന പാസാക്കിയത്. പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും. ഇതോടെ നിയമം മൂലം ഈ ദുരാചാരം നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി കൊളംബിയ മാറി.

ഈ ദുരാചാരം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയ പൊതുനയം രൂപീകരിക്കുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റക്കാരെ ജയിലിലടയ്ക്കുന്നതിനു പകരം ബോധവല്‍ക്കരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ശിക്ഷ ഭയന്ന് മാതാപിതാക്കള്‍ ആചാരം കൂടുതല്‍ രഹസ്യമായി തുടരുകയും കുട്ടികളെ മോശം അവസ്ഥയില്‍ ആശുപത്രികളില്‍ കൊണ്ടുപോകാതിരിക്കുകയും ചെയ്യുമെന്ന തിരിച്ചറിവിലാണ് ഈ വ്യവസ്ഥ. വിദ്യാലയങ്ങളിലെ ബോധവല്‍ക്കരണം, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക പരിശീലനം, കേസുകള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയ്ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പാര്‍ലമെന്റിന്റെ സെനറ്റ് ചേംബറില്‍ എത്തിയ രണ്ട് ആദിവാസി വനിതാ നേതാക്കളാണ് ചരിത്രപ്രധാനമായ ഈ നിയമം അവതരിപ്പിച്ചത്. അവരില്‍ ഒരാളായ,

എംബെറ ഗോത്ര നേതാവ് ക്ലോഡിയ ക്വിരാഗാമയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കുന്ന നിയമം പാസായതായി പ്രഖ്യാപനം നടത്തിയത്. ആഫ്രിക്കയിലും ഏഷ്യായിലും വിവിധ സമൂഹങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ക്രൂരമായ ഈ ആചാരം ലാറ്റിനമേരിക്കയില്‍ നിലവിലുള്ളത് കൊളംബിയയയില്‍ മാത്രമാണ്. പടിഞ്ഞാറന്‍ കൊളംബിയയിലെ ചോക്കോ, റിസരാല്‍ഡ മേഖലകളിലെ എംബെറ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലാണ് ഇത് കൂടുതലുള്ളത്.

പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പൊള്ളിക്കുകയോ ചെയ്യുന്ന ക്രൂരമായ രീതിയാണ് സ്ത്രീകളുടെ ചേലാകര്‍മ്മം എന്ന് അറിയപ്പെടുന്നത്. സ്ത്രീകളുടെ ലൈംഗികാനന്ദം ഇല്ലാതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ സമൂഹങ്ങളിലാണ് പ്രധാനമായും ഇത് കണ്ടുവരുന്നത്. ലോകാരോഗ്യ സംഘടന ഇതിനെ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കാണുന്നത്. ലോകമെമ്പാടുമായി ഏകദേശം 23 കോടിയിലധികം സ്ത്രീകള്‍ ഈ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്.

ലാറ്റിനമേരിക്കയില്‍ ഈ ആചാരം പൂര്‍ണ്ണമായും ഇല്ലാതായി എന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ 2007-ല്‍ കൊളംബിയയില്‍ ഈ പ്രക്രിയയ്ക്ക് ഇരയായ രണ്ട് പെണ്‍കുട്ടികള്‍ അണുബാധ മൂലം മരണപ്പെട്ടു. ഇതോടെയാണ് ക്രൂരത തിരിച്ചുവന്ന വിവരം ലോകമറിഞ്ഞത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി ആദിവാസി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനെതിരായ പോരാട്ടത്തിലാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ; ലബനനിൽ ഇസ്രായേൽ തുടർന്നാൽ ധാരണയെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്
അവധിക്കാലം ആഘോഷിക്കാനെത്തിയ 9 കാരിയെ വെടിവെച്ച് കൊന്ന് പാക് പൊലീസ്, വെടിുതിത്തത് കവർച്ചക്കാരെന്ന് തെറ്റിധരിച്ച്