
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതോടെ ഇറാൻ തീരത്ത് വീണ്ടും കപ്പലുകളടുത്തു. ഇറാൻ-അമേരിക്ക അന്തിമ കരാറിനായുള്ള ചർച്ചകൾ ശനിയാഴ്ച്ച തന്നെ തുടങ്ങും. ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചാൽ വീണ്ടും യുദ്ധമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്ക നാവിക ഉപരോദം നീക്കിത്തുടങ്ങി. മൂന്ന് ടാങ്കറുകളും രണ്ട് ചരക്ക് കപ്പലുകളും ഉൾപ്പടെ അഞ്ച് കപ്പലുകൾ നാവിക ഉപരോധത്തിന് ശേഷം ആദ്യമായി ഇറാൻ തീരത്തടുത്തു. യുദ്ധം തീർന്നെന്ന് ഇറാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ധാരണ ഒപ്പിട്ട് ശനിയാഴ്ച്ച തന്നെ ജനീവയിൽ വെച്ച് ചർച്ച തുടങ്ങും. പക്ഷെ പ്രശ്നം ഇസ്രയേൽ നിലപാട് തന്നെ. ഇസ്രയേലിന് ഇസ്രയേലിന്റെ താൽപര്യങ്ങളുണ്ടെന്നും, തങ്ങൾ കരാറിൽ കക്ഷിയല്ലെന്നും ലബനനിൽ നിന്നും സിറിയിയൽ നിന്നും ഗാസയിൽ നിന്നും പിന്മാറില്ലെന്നും ഇസ്രയേൽ പറഞ്ഞ് കഴിഞ്ഞു. ലബനനിൽ അന്താരാഷ്ട്ര അതിർത്തികളിലേക്ക് ഇസ്രയേൽ മടങ്ങണമെന്നാണ് ഇറാൻ നിലപാട്. അവസാന നിമിഷം ഇറാനുമായി ധാരണ വിജയിപ്പിച്ചെടുത്ത ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജി 7 ഉച്ചകോടിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. ഇറാൻ - അമേരിക്ക ധാരണ അടുത്ത ദിവസങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിച്ചേക്കും.
ഇതിനിടെ, അമേരിക്കൻ സെൻട്രൽ കമാൻഡ് ആക്രമിച്ച കപ്പലായ എം ടി ജൽവീറിലെ 21 ഇന്ത്യൻ നാവികർ ഇന്ത്യയിലേക്ക് മടങ്ങി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് യാത്ര ഏകോപിപ്പിച്ചത്. മൂന്ന് നാവികരയാണ് ആക്രമണത്തിൽ കൊലപ്പെടുത്തിയത്. വിഷയത്തിൽ ജീവനക്കാരുടെ കൂട്ടായ്മയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി അയച്ചു. അടിയന്തര അന്വേഷണവും അമേരിക്കയിൽ നിന്നുള്ള നഷ്ടപരിഹാരവുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam