ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരം; രക്ഷാപ്രവർത്തകർക്ക് അഭിനന്ദനം

Published : Jun 11, 2023, 01:00 PM IST
ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരം; രക്ഷാപ്രവർത്തകർക്ക് അഭിനന്ദനം

Synopsis

ഒന്നിച്ചു നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നല്‍കുന്നതെന്നും  പ്രസിഡന്റ്

40 ദിവസത്തെ തെരച്ചിലിനൊടുവില്‍ ആമസോണ്‍ മഴക്കാട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ്. കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ, ഗസ്താവോ പെട്രോ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധസംഘടനകളെയും അഭിനന്ദിച്ചു. ഒന്നിച്ചു നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നല്‍കുന്നതെന്നും സമാധാനത്തിന്റെ കൂടി സന്ദേശമായി കൊളംബിയ ഇതിനെ കാണണമെന്നും  പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.

കൊളംബിയയില്‍ വിമാനം തകര്‍ന്ന് ആമസോണ്‍ മഴക്കാട്ടില്‍ കാണാതായ നാല് കുഞ്ഞുങ്ങളെയും ജീവനോടെ കണ്ടെത്തിയെന്ന ഏറെ ആശ്വാസകരമായ വാര്‍ത്ത അറിഞ്ഞാണ് ഇന്നലെ ലോകം ഉണര്‍ന്നത്. അപകടം നടന്ന് നാല്‍പതാം  ദിനമാണ് കൊളംബിയന്‍ സൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചില്‍ ലക്ഷ്യം കണ്ടത്. മൂത്തകുട്ടി ലെസ്‌ലിക്ക് പ്രായം 13, ഒമ്പത് വയസുള്ള സൊലെയ്‌നി, നാല് വയസുള്ള ടിയെന്‍, കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന്‍. ഇവരാണ് ആ അദ്ഭുത കുഞ്ഞുങ്ങള്‍. 

ഒരു വയസുള്ള ക്രിസ്റ്റിനെ മാറോടടക്കി പിടിച്ചിരിക്കുന്ന മൂത്ത കുട്ടി ലെസ്‌ലിയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. ലെസ്‌ലിയുടെ ഈ കരുതലും കാടുമായുള്ള പഴക്കവുമാണ് നാല് പേരെയും 40 ദിവസം അതിജീവിക്കാന്‍ സഹായിച്ചത്. ഓപ്പറേഷന്‍ ഹോപ്പ് അഥവ പ്രതീക്ഷ എന്ന പേരിലാണ് മെയ് 16 ന് കുട്ടികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിക്കുന്നത്. സൈനികര്‍ക്കൊപ്പം ഗോത്ര വിഭാഗത്തില്‍പ്പെട്ട സന്നദ്ധ സംഘങ്ങളും ഒത്തുചേര്‍ന്നു. കായ്കനികളും പഴങ്ങളും ഭക്ഷിച്ച് മഴയില്‍നിന്ന് രക്ഷക്കായി താല്‍ക്കാലിക ടെന്‍ഡും നിര്‍മിച്ച് വന്യമൃഗങ്ങളുടെ പിടിയിലാകാതെ അവര്‍ നടന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവില്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. നന്നേ ക്ഷീണതരായ കുട്ടികള്‍ക്ക് നിര്‍ജലീകരണവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം ഒന്നിനാണ് ആമസോണ്‍ കാട്ടില്‍ കുട്ടികള്‍ അകപ്പെട്ടുപോകുന്നത്. ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വാവേറിലേക്ക് പോയ സെസ്‌ന 206 എന്ന ചെറുവിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ം കണ്ടെത്തുന്നത് തന്നെ രണ്ടാഴ്ചക്ക് ശേഷം മെയ് 16 നാണ്. അമ്മ മഗ്ദലീനയുടെയും ഒരു ഗോത്ര വര്‍ഗ നേതാവിന്റെയും പൈലറ്റിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികളെ കാണാതായതോടെയാണ് രക്ഷാദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.  വിമാനം തകര്‍ന്നതും, അമ്മ നഷ്ടപ്പെട്ടതും മുതല്‍ നാല്‍പതു ദിവസം സഹായമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നതുള്‍പ്പെടെ തുടര്‍ച്ചയായി ഉണ്ടായ ആഘാതത്തില്‍നിന്ന് ഇവരെ മുക്തരാക്കാന്‍ വേണ്ട മാനസിക പിന്തുണയും കുട്ടികള്‍ക്ക് നല്‍കും.

അതിജീവനത്തിന്റെ പുതുചരിത്രമെഴുതി നാല് കൊളംബിയന്‍ കുട്ടികള്‍ക്ക് സംഭവിച്ചത്. 

മെയ് 1

കൊളംബിയയില്‍ ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന ചെറു വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ആമസോണ്‍ വനത്തില്‍ തകര്‍ന്നുവീണു.

മെയ് 16

വ്യാപക തെരച്ചിലിനൊടുവില്‍ വിമാന അവശിഷ്ടവും മൂന്ന് മൃതദേഹവും കണ്ടെത്തി. വിമാനത്തിന്റെ പൈലറ്റും, ഒരു ഗോത്ര വര്‍ഗ നേതാവും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ 13, 9, 4, വയസും, 11 മാസവുമുള്ള  നാല് കുട്ടികളെ കാണാതായെന്ന് വ്യക്തമായി.  

മെയ് 16

അന്നുതന്നെ കൊളംബിയ കുട്ടികള്‍ക്കായി വ്യാപക തെരച്ചില്‍ തുടങ്ങുന്നു. 150 സൈനികരും ഡോഗ് സ്‌ക്വാഡും എത്തി. കുട്ടികള്‍ ജീവനോടെയുണ്ടെന്ന സൂചനകള്‍ ലഭിക്കുന്നു. മൂത്ത കുട്ടിക്ക് കാട്ടില്‍ കഴിഞ്ഞ് ശീലമുണ്ടെന്ന അപ്പൂപ്പന്റെ വാക്കുകള്‍ പ്രതീക്ഷയാകുന്നു. ഗോത്രവിഭാഗത്തില്‍പ്പെട്ട സംഘങ്ങളും
തെരച്ചലിന് ഒപ്പംചേരുന്നു

മെയ് 17

നാല് കുട്ടികളെയും കണ്ടെത്തിയതായി കൊളിംബിയന്‍ പ്രസിഡന്റിന്റെ ട്വീറ്റ്. അവര്‍ ആരോഗ്യവാന്‍മാരായി ഇരിക്കുന്നുവെന്നായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. 

മെയ് 18

ട്വീറ്റ് ഡിലീറ്റ് ചെയ്ത് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു. രാജ്യത്തെ ശിശു സംരക്ഷണ ഏജന്‍സി നല്‍കിയ വിവരമാണെന്നും പ്രസിഡന്റിന്റെ ഓഫീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിശദീകരണം

ജൂണ്‍ 10

നാല് സഹോദരങ്ങളെയും കണ്ടെത്തിയെന്ന് സ്ഥിരീകരണം

 

 


 

PREV
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം