Latest Videos

ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

By Web TeamFirst Published Apr 3, 2021, 12:58 PM IST
Highlights

പാകിസ്ഥാന് ആവശ്യമായ വസ്തുക്കള്‍ക്ക് മറ്റൊരു വിപണി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പാക് വാണിജ്യ മന്ത്രാലയത്തിന് ഇമ്രാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇസ്ലാമാബാദ്: ഇന്ത്യയുമായി ഇന്നത്തെ അവസ്ഥയില്‍ ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ നടപടികള്‍ തുടങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ഇതിനെതിരെ രംഗത്ത് ഇറങ്ങിയത്. പാകിസ്ഥാന്‍ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പാക് പ്രധാനമന്ത്രി ഇത്തരം ഒരു നിലപാട് എടുത്തത്.

വെള്ളിയാഴ്ചയാണ് മന്ത്രിസഭയിലെ പ്രമുഖരുമായി ഇമ്രാന്‍ കൂടികാഴ്ച നടത്തിയത്. ഇതിന് ശേഷം പാകിസ്ഥാന് ആവശ്യമായ വസ്തുക്കള്‍ക്ക് മറ്റൊരു വിപണി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പാക് വാണിജ്യ മന്ത്രാലയത്തിന് ഇമ്രാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ മാര്‍ച്ച് 23ന് ഇമ്രാന്‍ ഖാന്‍ അദ്ധ്യക്ഷനായ ക്യാബിനറ്റ് ഇക്കോണമിക് ഫോറം തന്നെയാണ് ഇന്ത്യയില്‍ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഇത് വലിയ ചര്‍ച്ചയായപ്പോഴാണ് ഇപ്പോള്‍ ഈ തീരുമാനം പിന്‍വലിക്കുന്നത്. 

ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5,2019ന് പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരനാണ് തീരുമാനം -വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി  ഷാ മഹമ്മുദ് ഖുറേഷി അറിയിച്ചു. 

അടുത്തിടെയായി പാകിസ്ഥാനില്‍ പഞ്ചസാര വില കുതിച്ചുയരുകയാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണ് ഇന്ത്യയില്‍ നിന്നും പഞ്ചസാര ഇറക്കുമതിക്ക് ക്യാബിനറ്റ് ഇക്കോണമിക് ഫോറം നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പാകിസ്ഥാന്‍ പിന്നോട്ട് വലിയുകയായിരുന്നു.

click me!