അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ-ചൈന ധാരണ; വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി

By Web TeamFirst Published Jun 17, 2020, 7:21 PM IST
Highlights

ചൈനീസ് സേനയുടെ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ ചൈന ബന്ധത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എസ് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി

ദില്ലി: അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇന്ത്യ ചൈന ധാരണ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയും നടത്തിയ സംഭാഷണത്തിലാണ് ധാരണയിലെത്തിയത്. ഇന്ത്യ ചൈന സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നിലപാടാണ് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. 

ഉച്ചയോടെ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ചൈനീസ് സേനയുടെ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ ചൈന ബന്ധത്തില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു എസ് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്ത്യ അതിര്‍ത്തി ലംഘിച്ചു എന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. സംഘര്‍ഷത്തിന് ഇടയാക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന ധാരണയാണ് സംഭാഷണത്തിലുണ്ടായത്.  വെള്ളിയാഴ്ച വൈകിട്ട് സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. 

ലഡാക്കിൽ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. ജവാന്മാരുടെ ത്യാഗം വെറുതെയാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവനെ വ്യക്തമാക്കി. ലഡാക്കിൽ കടന്നുകയറി ചൈനീസ് സേനയെ പ്രതിരോധിക്കവെ വീരമൃത്യുവരിച്ച കമാന്‍റിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 20 ധീരസൈനികരുടെ മൃതദേഹം ലേയിലെത്തിച്ചു.  

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ലേയില്‍ കരസേന ആദരാഞ്ജലി അര്‍പ്പിച്ചു. സംഘർഷത്തിൽ 40 ല്‍ അധികം ചൈനീസ് സൈനികർ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാം എന്നാണ് കരസേനയുടെ അനുമാനം. ചൈനീസ് യൂണിറ്റിന്‍റെ കമാൻഡിംഗ് ഓഫീസറും സംഘർഷത്തിൽ കൊല്ലപ്പെട്ടെന്ന് ഉന്നത വ്യത്തങ്ങൾ പറയുന്നു. സൈനികർ മരിച്ചതായുള്ള റിപ്പോർട്ട് ചൈന തള്ളിയിട്ടില്ല. എന്നാൽ എത്ര പേർ മരിച്ചു എന്ന കാര്യത്തിൽ  ചൈനീസ് സർക്കാരും ചൈനീസ് മാധ്യമങ്ങളും മൗനം തുടരുകയാണ്. 

തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഇന്ത്യൻ സംഘം പെട്രോളിംഗിനായി അതിർത്തിയിൽ എത്തിയത്. 50 സൈനികർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ചൈനീസ് സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു. എന്നാൽ 250 ഓളം വരുന്ന ചൈനീസ് സംഘം ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നു. അതിനിടെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രത തുടരുകയാണ്.
 

click me!