കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി, ആറായിരത്തോളം പേർക്ക് രോഗബാധ

By Web TeamFirst Published Jan 29, 2020, 9:28 AM IST
Highlights

ചൈനയിലെ വുഹാന് സമീപത്തെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടത്. ഇതുവരെ 125 പേരാണ് ഹുബെയിൽ മാത്രം മരിച്ചത്. 

ബീജിയിങ്: ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5974 ആയി. ഇതിൽ 1,239 പേരുടെ നില ​ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി. ചൈനയിലെ വുഹാന് സമീപത്തെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടത്. ഇതുവരെ 125 പേരാണ് ഹുബെയിൽ മാത്രം മരിച്ചത്. പ്രദേശത്തെ 3,554 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചൈനീസ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതലും അറുപത് വയസ്സിന് മുകളിലുള്ളവരാണ് വൈറസ് ബാധമൂലം മരണപ്പെട്ടത്. അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേ​ഗം പകരാവുന്ന രോ​ഗമാണിതെന്ന് ചൈനീസ് മെഡിക്കൽ വിദ​ഗ്ധർ പറയുന്നു. പത്ത് ദിവസം കൊണ്ട് വൈറസ് വ്യാപകമായി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 10 മുതൽ 14 ദിവസം വരെയാണ് കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുക. തുടർന്ന് രോ​ഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയരാക്കി രോ​ഗം സ്ഥിരീകരിക്കും. മറ്റുള്ളവരെ പറഞ്ഞയക്കുകയും ചെയ്യുമെന്ന് ചൈനീസ് ആരോ​ഗ്യ വിദ​ഗ്ധനായ സോങ് നാൻഷാൻ പറഞ്ഞു.

അതേസമയം, വൈറസ് പടരുന്ന മേഖലകളില്‍ നിന്ന് മറ്റു രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനോട് ചൈനയുടെ വിമുഖത തുടരുകയാണ്. പൗരന്‍ന്മാരെ ഒഴിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടന എതിര്‍പ്പറിയിച്ചുവെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വൈഡോങിന്റെ നിലപാട്. എന്നാൽ, കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കി. വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Read More: കൊറോണ: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കി ഇന്ത്യ

ഇന്ത്യൻ എംബസിയുടെ ഇടപെടലിന് ശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂബ പ്രവിശ്യയിലെ മലയാളി വിദ്യാര്‍ത്ഥികൾ പരാതിപ്പെടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലയാളി വിദ്യാര്‍ത്ഥികളടക്കം 250 ഓളം ഇന്ത്യക്കാരാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ കുടുങ്ങിയിട്ടുള്ളത്. ഇതുവരെ ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യുഎസ് എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


 

click me!