
ബീയജിംഗ്: ചൈനയ്ക്ക് പുറത്ത് കൊറോണ വ്യാപിക്കുന്നത് തടയുന്നതിനുള്ള വാതിലുകൾ അടയുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈന കഴിഞ്ഞാൽ ഇറ്റലിയിലും, ദക്ഷിണ കൊറിയയിലുമാണ് കൊറോണ വൈറസ് കൂടുതൽ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ കൊറോണ ബാധിച്ച് 2 പേർ മരിച്ചു, 79 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ പത്ത് നഗരങ്ങളിൽ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
50000 ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. കൊറോണ ഭീതിയിൽ നിരവധി ക്ലബ് ഫുട്ബോൾ മത്സരങ്ങളും നീട്ടിവച്ചു. ഇസ്രായേലിലും, ലെബനനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. തെക്കൻ കൊറിയയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 433 ആയി. തെക്കൻ കൊറിയൻ പൗരൻമാർക്ക് ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി. 79000ത്തിലധികം പേർക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം കൊറോണ ഭീതിയെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പൽ ഡയമണ്‍ഡ് പ്രിൻസസിൽ നിന്നും വിട്ടയച്ച ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാൻ ചൈന ഇനിയും അനുമതി നൽകാത്തതാണ് കാരണം. കൊറോണ വൈറസ് (കൊവിഡ് 19) ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
647 ഇന്ത്യക്കാരെയും 7 മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തിൽ ദില്ലിയിലെത്തിച്ചിരുന്നു. അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തയ്യാറാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായിയെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. ചൈനക്കുള്ള മരുന്നും മെഡിക്കല്‍ സാമഗ്രികളുമായി പോകുന്ന വിമാനം തിരികെ വരുമ്പോൾ അവിടെ കുടങ്ങിയവരെ കൂടി കൂടെ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്നുളള പൗരന്മാരെ ഒഴിപ്പിക്കാനായി ഒട്ടേറെ വിമാനങ്ങള്‍ വരുന്നുണ്ടെന്നും അതിനാലാണ് അനുമതി വൈകുന്നതെന്നുമാണ് ചൈനയുടെ വിശദീകരണം. ഒഴിപ്പിക്കല്‍ വൈകുന്നതിനാല്‍ വുഹാനില്‍ കുടങ്ങിയവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊറോണ വൈറസ് (കൊവിഡ് 19) ബാധ ഇനിയും നിയന്ത്രണ വിധേയമാകാത്ത സിംഗപ്പൂരിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഉന്നത തല യോഗത്തിന് ശേഷം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബേ നിര്‍ദ്ദേശിച്ചു. നേപ്പാള്‍, ഇന്തോനേഷ്യ, വിയ്റ്റനാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ കൂടി തിങ്കളാഴ്ചമുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam